pic

ന്യൂയോർക്ക് : 17ാം നൂ​റ്റാണ്ടിൽ വംശനാശം സംഭവിച്ച ഡോഡോ പക്ഷിയെ തിരികെയെത്തിക്കാനുള്ള ശ്രമത്തിന് കൈകോർത്ത് മൗറീഷ്യസ്. ജീൻ എഡി​റ്റിംഗിലൂടെ ഡോഡോയെ പുനഃസൃഷ്ടിക്കാൻ ശ്രമിക്കുന്ന അമേരിക്കൻ ബയോടെക്‌നോളജി കമ്പനിയുമായി ഗവൺമെന്റ് ഇതര സംഘടനയായ മൗറീഷ്യസ് വൈൽഡ് ലൈഫ് ഫൗണ്ടേഷൻ കരാർ ഒപ്പിട്ടു. ഡാലസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊളോസൽ ബയോസയൻസസ് എന്ന കമ്പനിയാണ് ഡോഡോയെ തിരിച്ചെത്തിക്കാനുള്ള ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്നത്. നൂ​റ്റാണ്ടുകൾക്ക് മുന്നേ മൗറീഷ്യസ് ദ്വീപിൽ ജീവിച്ചിരുന്ന പക്ഷിയാണ് ഡോഡോ. 1598ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ പര്യവേക്ഷണങ്ങൾ നടത്തിയ ഡച്ച് നാവികരാണ് ഡോഡോയെ ആദ്യമായി കണ്ടെത്തിയത്. 1662ലാണ് ഈ പക്ഷിയെ അവസാനമായി കണ്ടത്.
ഡെൻമാർക്കിൽ നിന്ന് ലഭിച്ച ഒരു ഫോസിലിൽ നിന്ന് ഡോഡോയുടെ ഡി.എൻ.എ സാമ്പിൾ ശേഖരിക്കുകയും ഇതിൽ നിന്ന് ജീനോം ( ജനിതകഘടന ) പൂർണമായും ശ്രേണീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റെം സെൽ ടെക്‌നോളജിയിലൂടെ ഡോഡോയെ തിരികെയെത്തിക്കാനാണ് ശ്രമം. ഡോഡോയെ പുനഃസൃഷ്ടിക്കാൻ കഴിഞ്ഞാലും യഥാർത്ഥ ഡോഡോയിൽ നിന്ന് വ്യത്യസ്തമായിരിക്കും അവ. കോടിക്കണക്കിന് രൂപയാണ് ഗവേഷണങ്ങൾക്ക് ചെലവാകുക. 3 അടി ഉയരമുണ്ടായിരുന്ന പറക്കാൻ കഴിയാത്ത ഡോഡോയ്ക്ക് ഇന്നത്തെ ടർക്കി കോഴികളേക്കാൾ വലിപ്പമുണ്ടായിരുന്നു. ഏകദേശം 23 കിലോ ഭാരമുണ്ടായിരുന്നു.