pic

ടെൽ അവീവ്: താത്കാലിക വെടിനിറുത്തൽ കരാർ നീട്ടാനുള്ള മദ്ധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഗാസയിൽ ആക്രമണം പുനരാരംഭിച്ച് ഇസ്രയേൽ. ഏഴ് ദിവസത്തെ ശാന്തതയ്ക്ക് ശേഷം ഇന്നലെ വീണ്ടും ശക്തമായ ആക്രമണങ്ങളുണ്ടായി.

പ്രാദേശിക സമയം രാവിലെ ഏഴിന് വെടിനിറുത്തൽ സമയപരിധി അവസാനിച്ചതിന് പിന്നാലെ തെക്കൻ നഗരമായ റാഫയിലടക്കം ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 100ലേറെ പേർ കൊല്ലപ്പെട്ടു. തെക്കൻ ഇസ്രയേലിന്റെ വിവിധ മേഖലകളിലേക്ക് ഹമാസും പാലസ്തീനിയൻ ഇസ്ലാമിക് ജിഹാദും റോക്കറ്റാക്രമണങ്ങൾ നടത്തി. വടക്കൻ ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിൽ അതിരൂക്ഷ പോരാട്ടമുണ്ടായി. നുസൈറത്ത്, ബുറൈജ് അഭയാർത്ഥി ക്യാമ്പുകൾക്ക് സമീപം ഇസ്രയേൽ ടാങ്കുകൾ ഷെല്ലാക്രമണം നടത്തി. തെക്കൻ ഗാസയിൽ ഖാൻ യൂനിസിന് കിഴക്കുള്ള മേഖലകളിൽ നിന്ന് ജനങ്ങൾ അടിയന്തരമായി ഒഴിയണമെന്ന് ഇസ്രയേൽ നിർദ്ദേശം നൽകി. വെടിനിറുത്തൽ കരാർ നീട്ടാനാകാത്തതിൽ ഹമാസും ഇസ്രയേലും പരസ്പരം കുറ്റപ്പെടുത്തി. നവംബർ 24ന് ആരംഭിച്ച താത്കാലിക വെടിനിറുത്തൽ രണ്ട് ദിവസം കൂടി തുടരാൻ ചർച്ചകളുടെ അവസാന നിമിഷം വരെ ഇരുകൂട്ടരും അനുകൂല നിലപാടായിരുന്നു. എന്നാൽ, ഏഴ് മണിക്ക് മുമ്പ് ഹമാസ് കരാർ ലംഘിച്ച് ഇസ്രയേൽ പ്രദേശങ്ങളിലേക്ക് റോക്കറ്റ് വിക്ഷേപിച്ചെന്ന് ഇസ്രയേൽ ആരോപിച്ചു.

അതേസമയം, വീണ്ടും വെടിനിറുത്തലിനായി ശ്രമങ്ങൾ തുടരുന്നതായി ഖത്തർ അറിയിച്ചു. ഗാസയിൽ ഇനി 137 ഇസ്രയേലി ബന്ദികൾ കൂടി അവശേഷിക്കുന്നുണ്ട്. വെടിനിറുത്തൽ കാലയളവിൽ 110 പേരെ ഹമാസ് മോചിപ്പിച്ചു. 240 പാലസ്തീനിയൻ തടവുകാരെ ഇസ്രയേലും വിട്ടയച്ചു.

അതിനിടെ, ഒക്ടോബർ 7ന് ഹമാസ് രാജ്യത്ത് നടത്തിയ ആക്രമണത്തിന്റെ പദ്ധതി ഒരു വർഷം മുമ്പ് തന്നെ ഇസ്രയേൽ മനസിലാക്കിയിരുന്നതായി ഒരു അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് ഇസ്രയേൽ തള്ളി.