
കൊല്ലം: ഓയൂരിൽ ആറുവസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കസ്റ്റഡിയിലായ പത്മകുമാർ പുറമേ മാന്യനാണെങ്കിലും ഇടയ്ക്കൊക്കെ തനി സ്വഭാവം പുറത്ത് കാണിക്കും. അയൽവാസികളുമായി കാര്യമായ സഹകരണമില്ലെങ്കിലും എന്തും ചെയ്യാൻ മടിക്കാത്തയാളാണെന്ന് വെളിപ്പെടുത്തി ഇന്നലെ നാട്ടുകാരും രംഗത്തെത്തി.
അശ്രദ്ധമായി വാഹനം ഓടിക്കുന്നത് ചോദ്യം ചെയ്ത ചാത്തന്നൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കഴിഞ്ഞ ജനുവരിയിൽ പത്മകുമാർ കാർ ഇടിപ്പിച്ച ശേഷം നിറുത്താതെ പോയി. തൊട്ടടുത്ത ദിവസം ദമ്പതികൾ വീട്ടിലെത്തിയപ്പോൾ പത്മകുമാറും കുടുംബവും ബഹളം വച്ച് തുരത്തി. പിന്നീട് നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കി.
റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടും ഇത്തരം തർക്കങ്ങൾ പലരുമായും ഉണ്ടായിട്ടുണ്ട്. പത്മകുമാർ ചാത്തന്നൂരിലെ ആദ്യകാല കേബിൾ ടി.വി ശൃംഖല നടത്തിപ്പുകാരനാണ്. കല്യാണി കേബിൾസ് എന്നായിരുന്നു പേര്. വൻതുകയ്ക്ക് കുറച്ച് കാലം മുമ്പ് കേബിൾ ടി.വി ശൃംഖല വിറ്റു. പിന്നീടാണ് റിയൽ എസ്റ്റേറ്റ് ബിസിനസ് ആരംഭിച്ചത്. ചാത്തന്നൂർ ജംഗ്ഷനിലെ ബാറിന് സമീപം ബേക്കറിയുണ്ട്. ഭാര്യ അനിതയാണ് ബേക്കറി നോക്കി നടത്തിയിരുന്നത്.
പത്മകുമാറിന് നായകളോട് വൻ കമ്പമാണ്. വീട്ടിൽ മുന്തിയ ഇനത്തിലുള്ള മൂന്ന് നായകളുണ്ട്. നേരത്തെ നാടൻ ഇനത്തിലുള്ള നായകളെയും വളർത്തിയിരുന്നതായി അയൽവാസികൾ പറയുന്നു.
അടുത്തകാലത്തായി പത്മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. ചിലരോട് വൻ തുക കടം ചോദിച്ചതായും നാട്ടുകാർ പറയുന്നു. തമിഴ്നാട്ടിലെ ഫാമിൽ ഒളിച്ചുതാമസിക്കാൻ പോകുമ്പോഴായിരുന്നു അറസ്റ്റ്. മകൾ അനുപമ പഠനത്തിൽ മിടുക്കുകയായിരുന്നു. സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ ഉയർന്ന മാർക്കോടെയാണ് ജയിച്ചത്. ഇപ്പോൾ വിദൂര ഡിഗ്രി കോഴ്സിന് പഠിക്കുകയാണ്.