
ന്യൂയോർക്ക്: പ്രശസ്ത അമേരിക്കൻ ഫോട്ടോഗ്രാഫർ ഏലിയറ്റ് എർവിറ്റ് ( 95 ) അന്തരിച്ചു. 1959ൽ ശീതയുദ്ധ കാലഘട്ടത്തിൽ സോവിയറ്റ് നേതാവ് നികിത ക്രുഷ്ചെവിന് നേരെ വിരൽചൂണ്ടുന്ന യു.എസ് മുൻ പ്രസിഡന്റ് റിച്ചാർഡ് നിക്സണിന്റെ പ്രശസ്തമായ ചിത്രം പകർത്തിയത് ഇദ്ദേഹമാണ്. തന്റെ കരിയറിലുടനീളം ഓഫ് ബീറ്റ് ചിത്രങ്ങളിൽ പലപ്പോഴും നായകളെ കേന്ദ്ര ബിന്ദുവാക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 1928 ജൂലായ് 26ന് പാരീസിൽ ഒരു റഷ്യൻ കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. മിലാൻ നഗരത്തിൽ വളർന്ന അദ്ദേഹം 1939ലാണ് കുടുംബത്തോടൊപ്പം യു.എസിലെത്തിയത്. ലോസ് ആഞ്ചലസിൽ നിന്ന് ഫോട്ടോഗ്രാഫി കരിയർ ആരംഭിച്ച അദ്ദേഹം വിഖ്യാത ഫോട്ടോഗ്രാഫർ റോബർട്ട് കാപ്പയെ കണ്ടുമുട്ടിയത് വഴിത്തിരിവായി. പ്രശസ്തമായ മാഗ്നം ഏജൻസിയുടെ ഭാഗമാകാൻ ഏലിയറ്റിനെ കാപ്പ ക്ഷണിച്ചു. മർലിൻ മൺറോ, ജാക്വലിൻ കെന്നഡി, ചെ ഗുവേര തുടങ്ങിയ നിരവധി പ്രശ്സതരുടെ ചിത്രങ്ങൾ പകർത്തിയ അദ്ദേഹം 20ലേറെ പുസ്തകങ്ങൾ പുറത്തിറക്കി. നിരവധി ഡോക്യുമെന്ററികളും തയാറാക്കി.