padmakumar

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഇന്നലെ വൈകുന്നേരം പിടിയിലായ പത്മകുമാര്‍ പൊലീസിനോട് ആദ്യം പറ‌ഞ്ഞതൊക്കെ കള്ളക്കഥകൾ. നഴ്സിംഗ് റിക്രൂട്ട്മെന്റുമായും ഒഇറ്റി പരീക്ഷയുമായുമെല്ലാം തട്ടിക്കൊണ്ട് പോകലിന് ബന്ധമുണ്ടെന്നും ഓയൂരിലെ ആറ് വയസുകാരിയുടെ അച്ഛന്‍ തന്റെ കൈയില്‍ നിന്ന് പണം വാങ്ങിയ ശേഷം തിരിച്ചു തന്നില്ലെന്നും ഉള്‍പ്പെടെയുള്ള കഥകള്‍ ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ കഥകളിലെയെല്ലാം പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പെടുകയും നിരവധി സംശയങ്ങളുയരുകയും ചെയ്തു.

തനിക്ക് മാത്രമാണ് തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ പങ്കുള്ളതെന്നും പത്മകുമാര്‍ അടൂരിലെ കെഎപി പൊലീസ് ക്യാമ്പില്‍ നടന്ന ചോദ്യം ചെയ്യലില്‍ പറ‍ഞ്ഞിരുന്നു. പത്മകുമാറിനൊപ്പം ഇയാളുടെ ഭാര്യയും മകളും പൊലീസിന്റെ പിടിയിലായിരുന്നു. ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പത്മകുമാര്‍ മൊഴി നല്‍കിയിരുന്നത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളും പത്മകുമാറിന്റെ മൊഴിയും തമ്മില്‍ പൊരുത്തക്കേടുകളും വന്നു. എന്നാൽ ഇയാളുടെ ആദ്യ മൊഴിയെല്ലാം തെറ്റാണെന്ന് വിശദമായ ചോദ്യം ചെയ്യലില്‍ പൊലീസിന് ബോദ്ധ്യപ്പെടുകയായിരുന്നു.

പത്മകുമാറിന് കുട്ടിയുടെ കുടുംബവുമായി ബന്ധമില്ല. തന്റെ സാമ്പത്തിക ബാദ്ധ്യത തീർക്കാൻ പത്മകുമാർ തന്നെ ആസൂത്രണം ചെയ്തതതാണ് തട്ടിക്കൊണ്ടുപോകൽ എന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതി ലക്ഷ്യമിട്ടത് ഓയൂരിലെ ആറ് വയസുകാരിയെ മാത്രമല്ലെന്നും കുട്ടിയുടെ ജ്യേഷ്ഠനെയടക്കം തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതിയെന്നും പിന്നീട് വിവരങ്ങള്‍ പുറത്തുവന്നു. വേറെയും കുട്ടികളെ തട്ടിക്കൊണ്ടുപോയി വില പേശുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പൊലീസിന് വിവരം ലഭിച്ചു.കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഒരു ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം ലഭിച്ചുവെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്.