mvd

പാലക്കാട്: സ്‌കൂൾ വിദ്യാർത്ഥികളുടെ വിനോദയാത്രയ്ക്ക് വ്യാജരേഖയുണ്ടാക്കി സ‌ർവീസിനെത്തിയ ടൂറിസ്റ്റ് ബസുകൾ കസ്റ്റഡിയിൽ. പാലക്കാട് കാവശേരിയിലാണ് സംഭവം. വടവന്നൂർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള രണ്ട് ബസുകളാണ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്.

മോട്ടോർ വാഹന വകുപ്പിൽ നിന്ന് നൽകേണ്ട സാക്ഷ്യപത്രം വ്യാജമായി നിർമിച്ചാണ് ബസുകൾ സർവീസിനെത്തിയതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. വ്യാജ രേഖകൾ സമർപ്പിച്ചതിനും അനുമതിയില്ലാതെ സർവീസ് നടത്താൻ ശ്രമിച്ചതിനും 6250 രൂപയാണ് പിഴ ഈടാക്കിയത്.

പുലർച്ചെ സ്‌കൂൾ വളപ്പിലെത്തി എംവിഡി ഉദ്യോഗസ്ഥർ ബസുകൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ട്രാൻസ്‌പോർട്ട് കമ്മിഷണർ നേരിട്ടാണ് പരിശോധനയ്ക്ക് നിർദേശം നൽകിയത്. വ്യാജരേഖ ചമച്ചതിന് ബസുടമൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞമാസം കൊച്ചിയിലും സമാന സംഭവം നടന്നിരുന്നു. സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്കൊരുങ്ങിയ നാല് ടൂറിസ്​റ്റ് ബസുകളാണ് കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്. എളമക്കര ഗവൺമെന്റ് ഹയർസെക്കൻ‌ഡറി സ്കൂളിലെ വിദ്യാർത്ഥികൾ വിനോദയാത്ര പോകുന്നതിന് മുൻപായിരുന്നു മോട്ടോർ വകുപ്പിന്റെ നടപടി.

വിനോദയാത്ര പോകുന്നതിന് മുൻപ് ടൂറിസ്റ്റ് ബസുകൾ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാകാത്തതാണ് നടപടിക്ക് കാരണം. തുടർന്ന് ബസുകൾ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പരിശോധന നടക്കുമ്പോൾ നാല് ബസുകളിലായി ഇരുനൂറോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.