കൊച്ചി: അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് (ഡിസംബർ മൂന്ന്) ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് ഇൻ കേരള (സി എ ബി കെ) 'ഐ ഫോൾഡ് ചലഞ്ച്' സംഘടിപ്പിക്കും. കളമശേരി റോട്ടറി ക്ലബിന്റെ സഹകരണത്തോടെ ഇടപ്പള്ളി കളിക്കളം ടർഫിൽ വൈകിട്ട് നാലിന് ആരംഭിക്കുന്ന ചലഞ്ചിൽ ഉമ തോമസ് എം.എൽ.എ മുഖ്യാതിഥിയാകും.

കാഴ്ച പരിമിതർ സമൂഹത്തിൽ ഇടപഴകുന്നതു സംബന്ധിച്ച് അവബോധം പകരുന്ന ഐ ഫോൾഡ് ചലഞ്ചിൽ സാമൂഹ്യ, സാംസ്‌കാരിക, സിനിമ, ക്രിക്കറ്റ് രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണവും ക്ഷേമം ഉറപ്പാക്കലും പരിപാടിയുടെ ലക്ഷ്യമാണ്. ചലഞ്ചിൽ പൊതു ജനങ്ങൾക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ 9847850480 എന്ന നമ്പറിൽ ബന്ധപ്പെടണം. കാഴ്ച പരിമിതരുടെ ക്രിക്കറ്റിനെക്കുറിച്ച് സി.എ.ബി.കെ സംഘടിപ്പിക്കുന്ന രണ്ടാഴ്ച നീളുന്ന ബോധവത്കരണത്തിന് ഐ ഫോൾഡ് ചലഞ്ചോടെ തുടക്കമാകും. 18നു തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ ആരംഭിക്കുന്ന കാഴ്ച പരിമിതരുടെ നാഗേഷ് ട്രോഫി ദേശീയ ക്രിക്കറ്റ് ടൂർണമെന്റിനു മുന്നോടിയായാണിത്.