
ചെന്നൈ: 2019ൽ പുറത്തിറങ്ങിയ 'കുമ്പളങ്ങി നൈറ്റ്സ് 'എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി ഷീലാ രാജ്കുമാർ വിവാഹമോചിതയാകാൻ പോകുന്നു. സോഷ്യൽമീഡിയയിലൂടെയാണ് താരം വിവരം പങ്കുവച്ചിരിക്കുന്നത്. താൻ വിവാഹബന്ധത്തിൽ നിന്നും പിൻവാങ്ങുന്നുവെന്നും ഭർത്താവിന്റെ സ്‌നേഹത്തിന് നന്ദിയുണ്ടെന്നുമാണ് താരം പോസ്റ്റിൽ കുറിച്ചത്.
திருமண உறவிலிருந்து நான் வெளியேறுகிறேன்
— Sheela (@sheelaActress) December 2, 2023
நன்றியும் அன்பும் @ChozhanV
ശക്തമായ സന്ദേശങ്ങൾ നൽകുന്ന കഥാപാത്രങ്ങളിലൂടെയാണ് ഷീല ആരധകരുടെ പ്രിയതാരമായത്. 'മണ്ടേല' എന്ന ചിത്രത്തിലൂടെയാണ് താരം തമിഴിൽ ശ്രദ്ധ പിടിച്ചുപറ്റിയത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് തിയേറ്ററുകളിൽ ഹിറ്റായ 'ജിഗർതാണ്ട ഡബിൾ എക്സ്' എന്ന ചിത്രത്തിൽ നടൻ എസ്ജെ സൂര്യയുടെ മുൻ കാമുകിയായിട്ടാണ് നടി അവസാനമായി വെളളിത്തിരയിൽ എത്തിയത്.

2016ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ സിനിമയായ ആറതു സിനമിലൂടെയാണ് ഷീല വെളളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. 2017ൽ തമ്പി ചെഴിയൻ സംവിധാനം ചെയ്ത 'ടു ലെറ്റ്' എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ഈ ചിത്രം താരത്തിന് ഏറെ പ്രശസ്തി നേടി കൊടുത്തിരുന്നു. ടു ലെറ്റിൽ സന്തോഷ് ശ്രീറാമും ധരുണും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. മികച്ച ഫീച്ചർ ചിത്രത്തിനുളള ദേശീയ പുരസ്‌കാരവും ലഭിച്ചു.
കുമ്പളങ്ങി നൈറ്റ്സിലെ താരത്തിന്റെ അഭിനയത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.നിരവധി ടെലിവിഷൻ പരിപാടികളിലും ഷീല എത്തിയിട്ടുണ്ട്. രാജ്കുമാർ സംവിധാനം ചെയ്ത വെബ്സീരീസായ പേട്ടൈകാളിയിലും പ്രധാന വേഷത്തിൽ എത്തി. പിച്ചക്കാരൻ2, ദ്രൗപതി, നൂഡിൽസ് തുടങ്ങിയവയാണ് താരം അഭിനയിച്ച മറ്റ് ചിത്രങ്ങൾ.