
ഹൈദരാബാദ്: സ്വർണം കടത്താൻ പുത്തൻ വിദ്യകൾ പയറ്റി കള്ളക്കടത്തുകാർ. ഒരു പാക്കറ്റ് സോപ്പുപൊടിയിലാണ് ഇരുപത്തിയാറ് ലക്ഷം രൂപയുടെ സ്വർണം കടത്തിയത്. ഹൈദരാബാദ് വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
സ്വർണം പൊടിച്ച് തരികളാക്കി സോപ്പുപൊടിയിൽ കലർത്തുകയായിരുന്നു. ദുബായിൽ നിന്നാണ് സ്വർണം കൊണ്ടുവന്നത്. സ്വർണക്കടത്തിനെപ്പറ്റി കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൂക്ഷ്മമായി പരിശോധിച്ചതോടെയാണ് സോപ്പുപൊടിയിൽ സ്വർണം കണ്ടെത്തിയത്.
സോപ്പുപൊടിയിൽ നിന്ന് സ്വർണം വേർപെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു സ്പൂൺ സോപ്പുപൊടിയിൽ കുറച്ച് വെള്ളം ഒഴിച്ച് അലിയിപ്പിച്ച ശേഷം അതിൽ നിന്ന് സ്വർണം വേർപെടുത്തുന്നതാണ് വീഡിയോയിലുള്ളത്.