
ന്യൂഡൽഹി: ബയോമെട്രിക് തിരിച്ചറിയൽ രേഖകൾ പൊരുത്തപ്പെടാത്തതിനെത്തുടർന്ന് 50 ജയിൽ ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ്. തീഹാർ ജയിലിലെ 50 ജീവനക്കാർക്കാണ് നോട്ടീസ് ലഭിച്ചത്. വെരിഫിക്കേഷൻ പ്രക്രിയയിൽ രേഖകൾ തമ്മിൽ പൊരുത്തപ്പെടാത്തതാണ് നടപടിക്ക് കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
നോട്ടീസ് ലഭിച്ചവരിൽ 39 പേർ വാർഡൻമാരും 9 പേർ അസിസ്റ്റന്റ് സൂപ്രണ്ടുമാരും രണ്ടുപേർ മേട്രൺമാരുമാണ്. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിന്റെ(ഡി എസ് എസ് ബി) നിർദേശപ്രകാരമാണ് നടപടി. പരീക്ഷകൾ നടത്തി ഈ മൂന്ന് തസ്തികകളിലേക്ക് 450ഓളം അപേക്ഷകരെ റിക്രൂട്ട് ചെയ്തത് സർവീസസ് ബോർഡാണ്.
പിരിച്ചുവിടൽ നോട്ടീസ് ലഭിച്ച 50 പേർക്കായി മറ്റാരെങ്കിലുമായിരിക്കാം പരീക്ഷ എഴുതിയതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. നോട്ടീസ് ലഭിച്ചവരെല്ലാം രണ്ട് വർഷമായി പ്രൊബേഷൻ പിരീഡിലാണ്. നോട്ടീസിൽ തങ്ങളുടെ മറുപടി അറിയിക്കാൻ ഒരുമാസത്തെ സമയം അനുവദിക്കുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
നവംബർ അവസാന ആഴ്‌ചയാണ് ജയിൽ വകുപ്പിൽ ഡി എസ് എസ് ബി ബയോമെട്രിക് വെരിഫിക്കേഷൻ നടത്തിയത്. 2019 മുതൽ ജോലിയിൽ പ്രവേശിച്ച എല്ലാവരെയും വെരിഫിക്കേഷന് വിധേയരാക്കിയിരുന്നു. തുടർന്നാണ് 50 പേര് റിക്രൂട്ട്‌മെന്റ് സമയത്ത് സമർപ്പിച്ച രേഖകളും ബയോമെട്രിക് വിവരങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയത്. ഡി എസ് എസ് ബി യിൽ നിന്ന് അന്തിമ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.