vigilence-vs-ed

ചെന്നൈ: കൈക്കൂലി വാങ്ങിയ ഇ.ഡി ഉദ്യോഗസ്ഥനെ അറസ്റ്ര് ചെയ്‌തതിന് പിന്നാലെ കൂടുതൽ നടപടികളുമായി തമിഴ്നാട് വിജിലൻസ്. അതിവേഗ നീക്കങ്ങളാണ് വിജിലൻസ് നടത്തുന്നത്. 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അങ്കിത് തിവാരിയാണ് കഴിഞ്ഞ ദിവസം അറസ്റ്രിലായത്. ഇയാളെ ഡിണ്ടിഗൽ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. പിന്നാലെ അങ്കിതിന്റെ വീട്ടിലും ഓഫീസിലും 13 മണിക്കൂറോളം വിജിലൻസ് പരിശോധന നടത്തി. പ്രധാനപ്പെട്ട രേഖകൾ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്.

അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ ഇ.ഡി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്ന് വിജിലൻസ് അറിയിച്ചു. അങ്കിതിന്റെ സഹപ്രവർത്തകർക്ക് സമൻസ് അയയ്ക്കും. കൂടുതൽ ഇടങ്ങളിൽ പരിശോധന ഉണ്ടാകുമെന്നും വിജിലൻസ് അറിയിച്ചു. മേലുദ്യോഗസ്ഥർക്കും കൈക്കൂലിയുടെ വിഹിതം നൽകണമെന്ന് അങ്കിത് പറഞ്ഞതായാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ വിപുലപ്പെടുത്തും.

തമിഴ്നാട് മന്ത്രിമാർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരെ ഇ.ഡി നടപടികൾ കടുപ്പിച്ചിരിക്കുന്ന സമയത്താണ് അറസ്റ്റ് എന്നത് ശ്രദ്ധേയമാണ്. ഇ.ഡി ഉദ്യോഗസ്ഥർ അഴിമതിക്കാരാണെന്ന തരത്തിൽ ഡി.എം.കെയുടെ പ്രചാരണം ശക്തമാണ്.

കഴിഞ്ഞ മാസം രാജസ്ഥാനിലും രണ്ട് ഇ.ഡി ഉദ്യോഗസ്ഥർ കൈക്കൂലി കേസിൽ അറസ്റ്റിലായിരുന്നു.

ഭീഷണിപ്പെടുത്തലും

 കേസ് അവസാനിപ്പിക്കുന്നതിന്റെ പേരിൽ നിരവധി പേരെ അങ്കിതുൾപ്പെടുന്ന ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി

 കൈക്കൂലിയും വാങ്ങി

 ചെന്നൈ, മധുര എന്നിവിടങ്ങളിൽ നിന്നുള്ള കൂടുതൽ ഉദ്യോഗസ്ഥർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിജിലൻസ്

ഒരു കോടിയിൽ നിന്ന് 51 ലക്ഷം

ഡിണ്ടിഗൽ മധുര ദേശീയപാതയിൽ വച്ച് കഴി‌ഞ്ഞ ദിവസം രാവിലെ 9ന് ആണ് അങ്കിത് പിടിയിലാകുന്നത്. കേസ് ഒത്തുതീർപ്പാക്കാനുള്ള കൈക്കൂലി വാങ്ങാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഈ സമയം അങ്കിത്

ഔദ്യോഗിക വാഹനത്തിലായിരുന്നു. കൈക്കൂലി വാങ്ങിയതിനു പിന്നാലെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. 2016 ബാച്ച് ഉദ്യോഗസ്ഥനാണ് അങ്കിത്. മുമ്പ് ഗുജറാത്തിലും മദ്ധ്യപ്രദേശിലും ജോലി ചെയ്തു.

 ഒക്ടോബർ 29ന് കേസുമായി ബന്ധപ്പെട്ട് സർക്കാർ ഡോക്ടറെ അങ്കിത് ബന്ധപ്പെട്ടു

 അന്വേഷണത്തിന് മധുരയിലെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടു

 അന്വേഷണം നടത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതായി അറിയിച്ചു

 കേസ് അവസാനിപ്പിക്കുന്നതിനായി 3 കോടി രൂപ ആവശ്യപ്പെട്ടു

 പിന്നീട് മുതിർന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച് കൈക്കൂലി 51 ലക്ഷമായി കുറച്ചെന്ന് അറിയിച്ചു

 നവംബർ ഒന്നിന് ആദ്യ ഗഡുവായി 20 ലക്ഷം രൂപ അങ്കിതിന് നൽകി

 മുതിർന്ന ഉദ്യോഗസ്ഥർക്കും നൽകണമെന്നും മുഴുവൻ തുക നൽകണമെന്നും ആവശ്യപ്പെട്ടു

 ഇല്ലെങ്കിൽ കർശ്ശന നടപടിയെന്ന് ഭീഷണിപ്പെടുത്തൽ

 സംശയം തോന്നിയ ഡോക്‌ടർ ഡി.വി.എ.സിയെ അറിയിച്ചു

 അങ്കിത് അധികാരം ദുർവിനിയോഗം ചെയ്‌തെന്ന് ബോദ്ധ്യപ്പെട്ടു

 രണ്ടാം ഗഡുവായ 20 ലക്ഷം വാങ്ങുന്നതിനിടെ പിടിയിൽ