
തൃശ്ശൂർ: കേരളവർമ്മ കോളജിൽ ചെയർമാൻ സ്ഥാനം എസ്.എഫ്.ഐക്ക്. ഹൈക്കോടതി ഉത്തരവ് പ്രകാരം നടത്തിയ റീകൗണ്ടിംഗിൽ മൂന്ന് വോട്ടിനാണ് എസ്.എഫ്.ഐ സ്ഥാനാർഥി അനിരുദ്ധ് ജയിച്ചത്. കെ.എസ്.യുവിന്റെ ശ്രീക്കുട്ടൻ മൂന്ന് വോട്ടുകൾക്ക് തോറ്റു. ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദേശ പ്രകാരമാണ് വീണ്ടും വോട്ടെണ്ണിയത്.
ആദ്യ വോട്ടെണ്ണലിൽ ഇടക്കിടെ വൈദ്യുതി തകരാറിലായത് അട്ടിമറിയുടെ ഭാഗമാണെന്ന ആരോപണം കെ.എസ്.യു ഉയർത്തിയിരുന്നു. ഇതുകൂടി പരിഗണിച്ച് ഇൻവെർട്ടർ സൗകര്യമുള്ള പ്രിൻസിപ്പലിന്റെ ചേംബറിലാണ് ഇന്ന് വോട്ടെണ്ണൽ നടന്നത്. വോട്ടെണ്ണൽ പൂർണമായും വിഡിയോയിൽ പകർത്തിയിട്ടുമുണ്ട്.
ചെയർമാൻ സ്ഥാനത്തേക്ക് എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി, എ.ഐ.എസ്.എഫ് സംഘടനകളുടെ സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ച് കോൺഗ്രസും യൂത്ത് കോൺഗ്രസും കെ.എസ്.യുവും വ്യാപകമായി പ്രതിഷേധിച്ചിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നടത്തിയ നിരാഹാര സമരമടക്കം വൻവിവാദവും സൃഷ്‌ടിച്ചിരുന്നു.
കേരള വർമ്മ കോളേജിൽ എസ്എഫ്‌ഐ ചെയർമാൻ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കി റീ കൗണ്ടിങ്ങിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്.