
കേരളത്തിൽ ഉടനീളം മുഖ്യമന്ത്രിയും, സഹമന്ത്രിമാരും സഞ്ചരിച്ച് ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നത് നല്ലതു തന്നെ. എന്നാൽ ഉമ്മൻചാണ്ടി ചെയ്തിരുന്നത് പല പരാതികൾക്കും, പ്രശ്നങ്ങൾക്കും, നിവേദനങ്ങൾക്കും ഉടനെ പരിഹാരം എന്ന രീതിയായിരുന്നു. ഇവിടെ അതുണ്ടോ എന്നറിയില്ല. വീണ്ടും ഉദ്യോഗസ്ഥർ തന്നെയാണ് ഇവിടേയും പരാതികൾ വാങ്ങുന്നതെങ്കിൽ രണ്ടു കാര്യങ്ങൾ ആണ് സൂചിപ്പിക്കാനുള്ളത്. ഒന്ന് ജനങ്ങളുടെ പരാതികൾ ഇക്കൂട്ടർ നേരത്തെ സ്വന്തം സീറ്റിലിരുന്നപ്പോൾ പരിഹരിക്കാത്തതല്ലേ ഇതിനുള്ള ഒരു കാരണം? രണ്ട് പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കാൻ വേണ്ട ഫണ്ട് ഇവർക്ക് സർക്കാർ യഥാസമയം നൽകിയിരുന്നോ എന്ന ചോദ്യവും!
ആർ. സുന്ദരേശ്വര മേനോൻ,
കൊടുങ്ങല്ലൂർ
കുസാറ്റിലെ സംഭവം ആവർത്തിക്കരുത്
നംവബർ 26ന് കൊച്ചി കുസാറ്റിൽ ജീവൻ നഷ്ടമായ ആ ചെറുപ്പക്കാർ നമ്മുടെ ഭാവിസ്വപ്നങ്ങളായിരുന്നു. ഇതുവരെ കേരളത്തിലെ ക്യാപസുകളിൽ കേട്ടുകേൾവിയില്ലാത്തൊരു ദുരന്തമായിരുന്നു. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല സ്കൂൾ ഒഫ് എൻജിനിയറിങ്ങിലെ ടെക്ഫെസ്റ്റ് ഇങ്ങനെയൊരു സങ്കടമഴയായി പെയ്തുതീരേണ്ടതായിരുന്നോ? മിടുക്കികളും മിടുക്കൻമാരും നിറഞ്ഞുനിന്ന ഈ സാങ്കേതികമേളയുടെ സാംസ്കാരികസായാഹ്നം കേരളത്തിന്റെ നെഞ്ചിലൊരു കനലായി കത്തിയടങ്ങേണ്ടതായിരുന്നോ? മറിഞ്ഞുപോകുന്ന ദുരന്തങ്ങളുടെ ഏടുകളിൽ വെറുമൊരെണ്ണമല്ല ഇത്. ഇനിയും ഇങ്ങനെയുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ സർക്കാരും അധികൃതരും നടപടി സ്വീകരിക്കേണതാണ്.
ശാന്ത
ഇടുക്കി