p

ശ്രീനാരായണ ഗുരുദേവ ദർശനം വിശ്വമാകെ എത്തിക്കണമെന്നുള്ള ആഗ്രഹത്താൽ വിശ്രമരഹിതമായി പ്രവർത്തിച്ചുവരുന്ന സന്യാസി ശ്രേഷ്ഠനാണ് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. സ്വാമിയുടെ 66-ാം ജന്മദിനമാണിന്ന്. ഗുരുദേവ ദർശനവും ജീവിതവും ലോകഹിതത്തിനായി പ്രചരിപ്പിക്കുന്നതിലാണ് ഗുരുദേവ ശിഷ്യപരമ്പരയിലെ ഒരു സന്യാസിയെ സംബന്ധിച്ച് ഒന്നാമത്തെ ഉത്തരവാദിത്വം കുടികൊള്ളുക. സ്വാമി സച്ചിദാനന്ദയെ സംബന്ധിച്ച് ദേശകാലാതീതമായ പ്രവർത്തനമാണ് ഈ രംഗത്തുള്ളത്. സ്വാമി സച്ചിദാനന്ദ ആവിഷ്കരിച്ച ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും സഫലമാക്കിയ ആത്മീയ ഉണർവ്വ് വിപ്ലവകരമായിരുന്നു. സമാന്തരമായി ശക്തിപ്രാപിച്ചുകൊണ്ടിരുന്ന മറ്റ് ആത്മീയപ്രസ്ഥാനങ്ങളുടെ ആകർഷണങ്ങളിൽപ്പെട്ട് ദിശാബോധം നഷ്ടപ്പെട്ടിരുന്ന ഒരു വലിയ കൂട്ടത്തെ ദിശാബോധം നല്‍കി തിരിച്ചുകൊണ്ടുവരാനുള്ള കർത്തവ്യവും ഈ ധ്യാനയജ്ഞത്തെ അവതരിപ്പിച്ചതിലൂടെ സ്വാമി സ്വയം ഏറ്റെടുത്തു. അങ്ങനെ സാധാരണക്കാർക്കിടയിലേക്ക് സാധാരണക്കാരന്റെ ഭാഷയിൽ ഗുരുവിന്റെ ചരിതവും ദർശനവുമായി കടന്നുചെന്ന് ഒരു ജനകീയനായ സന്യാസിയായി കർമ്മപഥത്തിൽ സഞ്ചരിക്കാൻ സ്വാമിക്ക് ഇന്നും കഴിയുന്നു. സ്വാമി തന്നെ രൂപം കൊടുത്ത ശ്രീനാരായണ ദിവ്യപ്രബോധനം ഇന്ന് ലോകമാകെ ശ്രദ്ധിക്കപ്പെടുന്നു.

ജനനമരണങ്ങൾക്ക് അതീതമായ ഗുരുതത്വം മനുഷ്യരൂപത്തിൽ ഭൂമിയിലവതരിച്ചത് അന്ധതയിൽ നിന്നു നമ്മെ ശുദ്ധീകരിച്ച് നമ്മുടെ യഥാർത്ഥ സ്വരൂപമായ ആഴമേറിയ ദൈവമഹസ്സിൽ ആകവേ ആമഗ്നമാക്കുവാനും ആ പരമസുഖത്തിൽ നിത്യം വാഴുവാനുമാണ്. ഇതിന് നാം ഗുരുവിന്റെ പാതയെ 'ധർമ്മത്തെ വിടാതെ പിന്തുടരണം എന്ന പ്രബുദ്ധത ജനങ്ങൾക്കിടയിലുണ്ടാകുവാൻ ദിവ്യപ്രബോധനവും ധ്യാനവും പോലെ ജനസമ്മതമായ മറ്റൊരു ധർമ്മചാരണ ഉപാധിയും കേരളത്തിലുണ്ടായിട്ടില്ല. ഇതിന് സ്വാമി സച്ചിദാനന്ദയെ പ്രാപ്തനാക്കിയത് ശിവഗിരിമഠത്തിൽ ബ്രഹ്മവിദ്യാർത്ഥിയായി നിന്നുകൊണ്ടനുഷ്ഠിച്ച ഏഴുവർഷത്തെ ചിട്ടയായ ആശ്രമജീവിതവും സാധനയും പ്രഗത്ഭരായ ആചാര്യന്മാരിൽ നിന്നുള്ള വേദാന്തപഠനവുമാണ്. സ്വാമിയെപ്പോലെ ഗുരുനിയോഗം ലഭിച്ച കുറച്ച് സുകൃതികൾ ബ്രഹ്മവിദ്യാലയത്തിൽനിന്നു പഠിച്ചിറങ്ങി ഇന്നും ഗുരുധർമ്മപ്രചാരണരംഗത്ത് സജീവമായി വർത്തിക്കുന്നുണ്ട്. ഇവർക്കെല്ലാം അറിവിന്റെ ചൂടും വെളിച്ചവും പകർന്നത് ശിവഗിരിയിൽ ഇന്നും കെടാതെ പ്രകാശിക്കുന്ന ഗുരുവിന്റെ മതമഹാപാഠശാല എന്ന കെടാവിളക്കാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് ബ്രഹ്മവിദ്യാപഠനത്തിന്റെ മഹത്വം നാം തിരിച്ചറിയുന്നത്. സ്വാമി സച്ചിദാനന്ദ ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ ഏഴു വർഷകോഴ്സിൽ പഠിച്ച് ബ്രഹ്മവിദ്യാചാര്യ എന്ന സ്ഥാനത്തിനർഹനായി. 1976ൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ബ്രഹ്മാനന്ദയിൽ നിന്ന് ബ്രഹ്മചര്യദീക്ഷയും 1982ൽ സ്വാമി ഗീതാനന്ദയിൽ നിന്ന് സന്യാസദീക്ഷയും സ്വീകരിച്ചു. സ്വാമികളുടെ കർമ്മരംഗത്തിന്റെ മഹത്വം കണ്ടറിഞ്ഞ് ഒട്ടേറെ പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. യുഗപുരുഷൻ തുടങ്ങി മുപ്പതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും നേടി. തുടർന്നും സ്വാമിയുടെ ഗുരുസേവ സമൂഹത്തിന് ലഭിക്കട്ടെ.

( ശിവഗിരി മഠം ഗുരുധർമ്മപ്രചരണ സഭയുടെ സെക്രട്ടറിയാണ്)