pic

ടെൽ അവീവ്: വെടിനിറുത്തൽ പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങൾ തള്ളി ഗാസയിൽ ജനസാന്ദ്രതയേറിയ മേഖലകളിൽ ബോംബാക്രമണങ്ങൾ നടത്തി ഇസ്രയേൽ. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ വീടുകൾക്കും ആരാധനലായങ്ങൾക്കും നേരെയാണ് വ്യോമാക്രമണമുണ്ടായത്. ആയിരങ്ങൾ അഭയം തേടിയിരിക്കുന്ന നാസർ ആശുപത്രിക്ക് ചുറ്റും ആക്രമണമുണ്ടായി. വടക്കൻ ഗാസയിലെ ആശുപത്രികളിൽ നിന്ന് ഒഴിപ്പിച്ചവർ ഇവിടെയാണ് ചികിത്സയിലുള്ളത്.

അതിനിടെ, വെടിനിറുത്തലിനും ബന്ദി മോചനത്തിനുമായി ഖത്തറിലെ ദോഹയിൽ നടന്നുവന്ന മദ്ധ്യസ്ഥ ചർച്ചകളിൽ നിന്ന് ഇസ്രയേൽ പിന്മാറി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദ്ദേശപ്രകാരമാണിത്.

വെള്ളിയാഴ്ച രാവിലെ ആക്രമണം പുനരാരംഭിച്ചത് മുതൽ ഗാസയിൽ ഇതുവരെ 240ലേറെ പാലസ്തീനികൾ കൊല്ലപ്പെട്ടു. 650 ലേറെ പേ‌ർക്ക് പരിക്കേറ്റു. 400 ഹമാസ് കേന്ദ്രങ്ങൾ തകർത്തു. നിരവധി ഹമാസ് അംഗങ്ങൾ കൊല്ലപ്പെട്ടു. ഗാസയിലെ ആകെ മരണസംഖ്യ ഇതോടെ 15,200 കടന്നു. ഇസ്രയേലിന്റെ മുന്നറിയിപ്പ് പ്രകാരം ഖാൻ യൂനിസിന്റെ കിഴക്കൻ മേഖലകളിലെ ജനങ്ങൾ റാഫ അടക്കമുള്ള തെക്കൻ മേഖലകളിലേക്ക് പലായനം തുടങ്ങി.

ട്രക്കുകൾ കടത്തിവിട്ടു

 ഈജിപ്റ്റിൽ നിന്ന് റാഫ അതിർത്തി വഴി ഗാസയിലേക്ക് 50 ഓളം സഹായ ട്രക്കുകൾ ഇന്നലെ കടത്തിവിട്ടു. വെടിനിറുത്തൽ അവസാനിച്ച ശേഷം ഗാസയിലെത്തുന്ന ആദ്യ ട്രക്കുകളാണിവ

 സിറിയയിലെ ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ രണ്ടു റെവലൂഷണറി ഗാർഡ് അംഗങ്ങൾ കൊല്ലപ്പെട്ടെന്ന് ആരോപണം

 ലെബനൻ അതിർത്തിയിൽ നിന്ന് ഇസ്രയേലിന് നേരെ ഹിസ്ബുള്ള ആക്രമണം. തിരിച്ചടിയിൽ മൂന്ന് മരണം

 ഗാസയിൽ കൊല്ലപ്പെട്ടവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളും

 ഇതുവരെ പരിക്കേറ്റത് 40,​000ത്തിലേറെ പേർക്ക്