pic

കീവ് : സെപൊറീഷ്യ ആണവ നിലയം ദുരന്തത്തിന്റെ വക്കിലെന്ന് യുക്രെയിൻ. രാജ്യത്തെ വൈദ്യുതി ഗ്രിഡുമായി സെപൊറീഷ്യ ആണവ നിലയത്തെ ബന്ധിപ്പിക്കുന്ന രണ്ട് പവർലൈനുകൾ നിശ്ചലമായെന്ന് യുക്രെയിൻ അറിയിച്ചു. കഴിഞ്ഞ വർഷം ആണവ നിലയം ഉൾപ്പെടുന്ന സെപൊറീഷ്യ മേഖല റഷ്യ പിടിച്ചെടുത്തിരുന്നു. അന്ന് മുതൽ ശക്തമായ ഷെല്ലാക്രമണങ്ങൾക്ക് വേദിയാണ് പ്രദേശം. ഇതിനിടെയിൽ നിരവധി തവണ സെപൊറീഷ്യ സുരക്ഷാ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.

സെപൊറീഷ്യയുടെ സുരക്ഷ അപകടത്തിലാക്കാൻ ബോധപൂർവം ശ്രമിക്കുന്നതായി ഇരുകൂട്ടരും പരസ്പരം ആരോപിക്കുന്നു. വൈദ്യുതി നിലച്ചതിനാൽ സ്വന്തമായുള്ള 20 ഡീസൽ ജനറേറ്ററുകളെയാണ് നിലയം ഇപ്പോൾ ആശ്രയിക്കുന്നത്. വൈദ്യുതി ബന്ധം ഉടൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ ഇവിടെ റേഡിയൻ ദുരന്തം സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്.

ആണവനിലയത്തിലെ വൈദ്യുതി താത്കാലികമായി നിലച്ചെന്ന് ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി സ്ഥിരീകരിച്ചു. യുക്രെയിൻ അധിനിവേശം ആരംഭിച്ച ശേഷം ഇത് എട്ടാം തവണയാണ് സെപൊറീഷ്യയിൽ വൈദ്യുതി നിലക്കുന്നതെന്നും ഏജൻസി പറഞ്ഞു. നിലയത്തിന്റെ സുരക്ഷ ഏജൻസി നിരീക്ഷിക്കുന്നുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണ് സെപൊറീഷ്യ.

കഴിഞ്ഞ നവംബറിൽ കനത്ത ഷെല്ലാക്രമണങ്ങളെ തുടർന്ന് സെപൊറീഷ്യ ആണവനിലയത്തിൽ ശക്തമായ സ്ഫോടനമുണ്ടായിരുന്നു. സ്ഫോടനത്തിന് പിന്നിൽ യുക്രെയിനാണെന്ന് റഷ്യ ആരോപിച്ചു. എന്നാൽ ആരോപണം തള്ളിയ യുക്രെയിൻ റഷ്യയാണ് പിന്നിലെന്ന് കുറ്റപ്പെടുത്തി.

ഷെല്ലാക്രമണത്തിൽ ആളപായമോ റേഡിയേഷൻ ചോർച്ചയോ സംഭവിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തീകൊണ്ട് കളിക്കുന്നത് എല്ലാവരും അവസാനിപ്പിക്കണമെന്ന് ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി പിന്നാലെ മുന്നറിയിപ്പ് നൽകിയിരുന്നു.