
മനില : ഫിലിപ്പീൻസിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപായ മിൻഡനോവോയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ശക്തമായ രണ്ട് ഭൂകമ്പങ്ങൾ രേഖപ്പെടുത്തി. ഇന്നലെ ഇന്ത്യൻ സമയം രാത്രി 8.07നുണ്ടായ ആദ്യ ഭൂകമ്പത്തിന് റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി. ഭൗമോപരിതലത്തിൽ നിന്ന് 32 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പിന്നാലെ ഫിലിപ്പീൻസ്, ജപ്പാൻ തീരങ്ങളിൽ 3 അടിയിലേറെ ഉയരത്തിൽ സുനാമിത്തിരകളുണ്ടാകുമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിൻവലിച്ചു. ഇൻഡോനേഷ്യ, മലേഷ്യ തീരങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. രാത്രി 11.10ഓടെ മിൻഡനോവോയിൽ റിക്ടർ സ്കെയിലിൽ 6.4 തീവ്രതയിൽ വീണ്ടും ഭൂകമ്പമുണ്ടായി. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. മേഖലയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.