p

ആലപ്പുഴ: വീടുകളിൽ ഒറ്റപ്പെടുന്നവർക്കായി ഗ്രാമപഞ്ചായത്തുകൾ,​ മുനിസിപ്പാലിറ്റികൾ,​ കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ 'ഹാപ്പിനെസ് പാർക്കുകൾ" സ്ഥാപിക്കാൻ സർക്കാർ നിർദ്ദേശം. അടുത്ത വാർഷിക പദ്ധതിയിൽ ഇത് നിർബന്ധമാക്കും. കലാ- കായിക വിനോദങ്ങളിലൂടെയുള്ള മാനസിക- ശാരീരിക ഉല്ലാസമാണ് ലക്ഷ്യം. ഏത് പ്രായക്കാർക്ക് വേണ്ടിയാണെന്ന് തീരുമാനമായിട്ടില്ല.

1000ലധികം പാർക്കുകൾ സംസ്ഥാനത്തൊരുക്കും. പാർക്കിന്റെ നിർമ്മാണത്തിനും സ്ഥലം വാങ്ങാനുമായി പ്രാദേശിക ഭരണകൂടങ്ങൾക്ക് വികസന- തനത് ഫണ്ടുകളും അമൃത്, സി.എസ്.ആർ ഫണ്ടുകൾ, സ്‌പോൺസർഷിപ്പ് തുടങ്ങിയവയും ഉപയോഗിക്കാം. സംസ്ഥാനത്ത് 941 ഗ്രമാപഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും ആറ് കോർപ്പറേഷനുകളുമാണുള്ളത്.

ഹാപ്പിനെസ് ഡേ

മാനസിക- ശാരീരിക- ആരോഗ്യ വിഷയത്തിലെ ഇടപെടലിനായി മാസത്തിലൊരു ദിവസം ഹാപ്പിനെസ് ഡേ ആയി ആഘോഷിക്കും. 'സേവ് ദ ഡേറ്റ് ", ബെർത്ത്ഡേ പാർട്ടി, ഫുഡ് ഫെസ്റ്റ് തുടങ്ങിയവയ്ക്കുള്ള സൗകര്യവും പാർക്കിലൊരുക്കും. വർക്ക് ഫ്രം പാർക്ക്, കമ്മ്യൂണിറ്റി യോഗ, മെഡിറ്റേഷൻ, ജോഗിംഗ്, ഡ്രസ് ചേയ്ഞ്ചിംഗ് കോർണർ, ബ്രസ്റ്റ്ഫീഡിംഗ്- മൈലാഞ്ചി- കൾച്ചറൽ കോർണർ, സൈക്കിൾ ട്രാക്ക്, നീന്തൽക്കുളം, ഓപ്പൺ ജിം, ലൈബ്രറി, പെറ്റ് സ്റ്റേഷൻ, ഹോബി കഫേ, വാൾ ആർട്ട്, ബട്ടർഫ്ലൈ പാർക്ക്, ആക്റ്റിംഗ് ഹൗസ്, ഫിലിം ക്ലബ് തുടങ്ങിയവയും പാർക്കിലുണ്ടാകും.

സൗകര്യങ്ങൾ

 പാർക്കിംഗ്

 ടേസ്റ്റ് ദ വില്ലേജ് കോർണർ

 സെൽഫി കോർണർ

 മൊബൈൽ ചാർജ്ജിംഗ്

 ടോയ്ലെറ്റ്

 ലൈറ്റിംഗുകൾ

 മാലിന്യ സംസ്കരണ സംവിധാനം

വാർഷിക പദ്ധതിയിൽ ഹാപ്പിനസ് പാർക്ക് ഉൾപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ടുപോകുന്നവരുടെ മാനസിക- ശരീരിക ആരോഗ്യത്തിനും ഉൻമേഷത്തിനുമായാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

-ഡയറക്ടർ,

തദ്ദേശ സ്വയംഭരണ വകുപ്പ്