
പാണത്തൂർ: കേരള അതിർത്തിയിലെ പാണത്തൂർ മലയോര മേഖലയിൽ കുരങ്ങ് ശല്യം രൂക്ഷമായതോടെ തെങ്ങ്, കവുങ്ങ് കൃഷിക്കാർ കടുത്ത പ്രതിസന്ധിയിൽ. കുരങ്ങുകൾ കൂട്ടത്തോടെ തോട്ടത്തിലെത്തി കവുങ്ങിൽ നിന്ന് കവുങ്ങുകളിലേക്ക് ചാടി പൂർണ്ണ വളർച്ചയെത്താത്ത അടയ്ക്ക ഉൾപ്പെടെ മുഴുവൻ നശിപ്പിക്കുന്ന സ്ഥിതിയാണ്. തൊഴിലാളികൾക്ക് കൂലി കൊടുക്കാൻ പോലും അടയ്ക്കയും തേങ്ങയും കിട്ടുന്നില്ലെന്നാണ് ചില തോട്ട ഉടമകൾ പറയുന്നത്.
ഇപ്പോൾ കേന്ദ്ര സർക്കാർ കുരങ്ങിനെയും കൂടി ഒന്നാം പട്ടികയിൽ പെടുത്തിയതോടെ കൃഷി നശിപ്പിക്കുന്ന കുരങ്ങുകളെ ഭയപ്പെടുത്തി ഓടിക്കാനും കഴിയുന്നില്ല. ഫലപ്രദമായ ഇടപെടൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുമില്ല. കൂടുവെച്ചു പിടിച്ച് കുരങ്ങുകളെ ഉൾക്കാട്ടിൽ വിടണമെന്ന് ആവശ്യപ്പെടുമ്പോഴും വൈൽഡ് ലൈഫ് വാർഡന്റെ അനുമതി വേണമെന്നാണ് ബന്ധപ്പെട്ട അധികാരികൾ പറയുന്നത്. പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കഴിഞ്ഞ വർഷം കിട്ടിയതിന്റെ പകുതി ആദായം പോലും കാർഷിക വിളകളിൽ നിന്ന് കിട്ടില്ലെന്ന ആശങ്കയിലാണ് മലയോര കർഷകർ.
കൂടുവെച്ചു പിടിച്ചു വിട്ടാലും തിരിച്ചിറങ്ങും
കുരങ്ങുകളെ കൂടുവച്ച് പിടിച്ച് കാട്ടിൽ വിട്ടാൽ വൈകാതെ ഇവ കൂട്ടത്തോടെ അടുത്തുള്ള ജനവാസ കേന്ദ്രത്തിലും തോട്ടത്തിലും എത്തുന്ന സാഹചര്യമാണ്. കാർഷിക കേന്ദ്രങ്ങളിലെ കുരങ്ങുകൾ വനത്തിൽ ജീവിക്കുന്നവയല്ല. ജനങ്ങളും സഞ്ചാരികളും കൃഷിക്കാരും നൽകുന്നതും ഉപേക്ഷിക്കുന്നതുമായ ഭക്ഷണ പദാർത്ഥങ്ങൾ ആഹരിച്ച് ജീവിക്കുന്നവയാണ് നാട്ടിൻ പുറങ്ങളിലും ടൂറിസ്റ്റു കേന്ദ്രങ്ങളിലും നഗരങ്ങളിലുമുള്ള കുരങ്ങുകൾ.
കർണ്ണാടകയിൽ മങ്കി പാർക്ക്
കേരള അതിർത്തിയിൽ കുരങ്ങു ശല്യം ഇല്ലാതാക്കാൻ വനം വകുപ്പ് നട്ടംതിരിയുമ്പോൾ കുരങ്ങു ശല്യത്തിന് സുസ്ഥിര പരിഹാരമെന്ന നിലയിൽ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയതും പരിക്കേറ്റതും രോഗികളുമായ കുരങ്ങുകളെ പുനരധിവസിപ്പിക്കുന്നതിനായി മങ്കി പാർക്ക് സ്ഥാപിക്കുകയാണ് കർണ്ണാടക സർക്കാർ. ശിവമോഗ ജില്ലയിലെ ഹൊസ്‌നഗര താലൂക്കിലെ മത്തികൈ ഗ്രാമത്തിൽ 170 ഏക്കർ സ്ഥലം പാർക്കിനായി സർക്കാർ കണ്ടെത്തി. കർണാടക കന്നുകാലി വികസന ബോർഡ് പ്രോജക്ട് ഡയറക്ടറുടെ നേതൃത്വത്തിൽ ഒരു മൊബൈൽ വെറ്ററിനറി ഓപ്പറേഷൻ യൂണിറ്റ് തയ്യാറാക്കി, മൃഗ ഡോക്ടർമാർക്ക് പെരുമാറ്റ വശങ്ങൾ, പിടിക്കൽ, വന്ധ്യംകരണം, കുരങ്ങുകളെ വിട്ടയ്ക്കൽ എന്നിവയിൽ പരിശീലനം നൽകി.