
ഗ്രാൻഡ് മാസ്റ്ററാകുന്ന ആദ്യ സഹോദരങ്ങൾ
ചെസിലെ ഇന്ത്യൻ വിസ്മയം പ്രഗ്നാനന്ദ രമേഷ് ബാബുവിനെപ്പോലെ നേട്ടങ്ങളിൽ നിന്ന് നേട്ടങ്ങളിലേക്ക് കരുക്കൾ നീക്കി മുന്നേറുകയാണ് സഹോദരി വൈശാലി രമേഷ് ബാബും. കൊനേരു ഹംപിക്കും ഹരിക ദ്രോണവല്ലിക്കും ശേഷം ഗ്രാൻഡ് മാസ്റ്റർ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതാ താരമായി മാറി വൈശാലി. കഴിഞ്ഞ ഡിസംബർ ഒന്നിന് സ്പെയിനിൽ നടന്ന ഐ.വി.എൽ ലൊബ്രെഗറ്റ് ഓപ്പണിൽ ഗ്രാൻഡ്മാസ്റ്റർ പോരാട്ടത്തിലാണ് വൈശാലിയുടെ നേട്ടം.
പന്ത്രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഇന്ത്യൻ വനിതാ താരം ഗ്രാൻഡ് മാസ്റ്റർ പദവിയിലെത്തുന്നത്. ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തുന്ന ചരിത്രത്തിലെ ആദ്യ സഹോദരങ്ങൾ എന്ന അപൂർവ നേട്ടവും പ്രഗ്നാനന്ദയും വൈശാലിയും സ്വന്തമാക്കി. ചെസ് ഒളിമ്പ്യാഡിലും ഏഷ്യൻ ഗെയിംസിലുമെല്ലാം മിന്നിത്തിളങ്ങി ഇരുവരും. കൂടാതെ തമിഴ്നാട്ടിൽ നിന്നുള്ള ആദ്യ വനിതാ ഗ്രൻഡ് മാസ്റ്റർ പദവിയും.
പ്രഗ്നാനന്ദ ചെസിൽ തരംഗമായപ്പോൾ പലപ്പോഴും വിമർശനങ്ങളും പരിഹാസങ്ങളും കേൾക്കേണ്ടി വന്നു, വൈശാലിക്ക്. അനിയനെപ്പോലെ കളിക്കാനൊന്നും അവൾക്കാകില്ലെന്നും അത്രത്തോളമൊന്നും എത്താനാകില്ലെന്നും പരിഹാസങ്ങളുണ്ടായി. എന്നാൽ അതിനെല്ലാം ചതുരുംഗക്കളത്തിലെ ചടുല നീക്കങ്ങൾ കൊണ്ട് മറുപടി കൊടുത്ത് വൈശാലി വിമർശകരുടെ വായടപ്പിച്ചു.
ആദ്യം പ്രഗ്നാനന്ദ
2018-ൽ പതിമൂന്നാം വയസിലാണ് പ്രഗ്നാനന്ദ ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്നത്. ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ് മാസ്റ്റർ എന്ന നേട്ടത്തോടെയാണ് പ്രഗ്നാനന്ദ വിസ്മയ വരവ് നടത്തിയത്. 2015ൽ, അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ ഏഷ്യൻ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പ് നേടിയാണ് വൈശാലി അന്താരാഷ്ട്ര ചെസ് രംഗത്ത് സാന്നിദ്ധ്യം അറിയിച്ചത്. പതിനഞ്ചാം വയസിൽ ഇന്റർനാഷണൽ മാസ്റ്റർ (ഐ.എം) പദവിയും വൈശാലി സ്വന്തമാക്കി. 20ാം വയസിൽ ഇന്റർനാഷണൽ മാസ്റ്ററും ഇപ്പോൾ, 22ാം വയസിൽ ഗ്രാൻഡ് മാസ്റ്ററും!
അതിവേഗം ബഹുദൂരം
2012ൽ അണ്ടർ 12ലും 2015ൽ അണ്ടർ 14ലും പെൺകുട്ടികളുടെ ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പ് നേടി. 2013ൽ 12ാം വയസിൽ ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസണെ തോൽപ്പിച്ചു. 2016ൽ വുമൺ ഇന്റർ നാഷണൽ മാസ്റ്റർ (ഡബ്യു.ഐ.എം) കീരിടം ലഭിച്ചു. 2016 ഒക്ടോബറിൽ അണ്ടർ 16ൽ ഇന്ത്യയിൽ രണ്ടാം റാങ്കും ലോക 12ാം നമ്പർ താരവുമായി വൈശാലി മാറി. ഈ സമയങ്ങളിലും വൈശാലിക്ക് 2300 എലോ റേറ്റിംഗുണ്ടായിരുന്നു. 2018 ആഗസ്റ്റ് 12ന് ലാത്വിയയിലെ റിഗയിൽ നടന്ന റിഗ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓപ്പൺ ചെസ് ടൂർണമെന്റിൽ വുമൺ ഗ്രാൻഡ്മാസ്റ്ററായി.
ഓൺലൈൻ ഒളിമ്പ്യാഡ് 2020ൽ സ്വർണ മെഡൽ നേടിയ ടീമിന്റെ ഭാഗമായിരുന്നു വൈശാലി. 2021ൽ ഇന്റർ നാഷണൽ മാസ്റ്റർ ലഭിച്ചു. 2022ൽ വൈശാലി എട്ടാമത്തെ ഫിഷർ മെമ്മോറിയൽ നേടി. തുടർന്ന് ഫിഡെ വിമൻസ് സ്പീഡ് ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. 16ാം റൗണ്ടിൽ വനിതാ ലോക ബ്ളിറ്റ്സ് ചെസ് ചാമ്പ്യൻ ബിബിസാര അസൗബയേവയെയും ക്വാർട്ടർ ഫൈനലിൽ സ്വന്തം നാട്ടുകാരിയായ ഹരിക ദ്രോണവല്ലിയെയും പരാജയപ്പെടുത്തി.
2022ൽ ചെന്നൈയിലെ മാമല്ലപുരത്തു നടന്ന 44ാമത് ചെസ് ഒളിമ്പ്യാഡിൽ വനിതാ വിഭാഗത്തിൽ ഇന്ത്യൻ വനിതാ ടീം വെങ്കല മെഡലും ബോർഡ് 3- നായി വൈശാലി വ്യക്തിഗത വെങ്കലവും നേടി. ടാറ്റാ സ്റ്റീൽ ചലഞ്ചേഴ്സ് 2023ൽ കളിച്ചു, 2600 റേറ്റു ചെയ്ത രണ്ട് ജി.എമ്മുമാരായ ലൂയിസ് പൗലോ സൂപ്പി, ജെർഗുസ് പെച്ചാക് എന്നിവരെ പരാജയപ്പെടുത്തുകയും ചെയ്തു. തുടർന്ന് അവൾ 12ാം സ്ഥാനത്തെത്തി.
ഖത്തർ മാസ്റ്റേഴ്സ് ഓപ്പൺ 2023ൽ, 5/9, പ്രകടന റേറ്റിംഗ് 2609 എന്നിവയിൽ ഫിനിഷ് ചെയ്തതിനു ശേഷമാണ് വൈശാലിയുടെ അവസാന ജി.എം മാനദണ്ഡം ലഭിച്ചത്. ഐൽ ഒഫ് മാനിൽ നടന്ന ഫിഡെ വിമൻസ് ഗ്രാൻഡ് സ്വിസ് 2023ൽ ഒരു ഗെയിം പോലും തോൽക്കാതെ 8.5/11 എന്ന സ്കോറോടെ വൈശാലി വിജയിച്ചു, അതുവഴി 2024ൽ കാനഡയിലെ ടൊറന്റോയിൽ നടക്കുന്ന വനിതാ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ മത്സരിക്കാൻ യോഗ്യത നേടി.
അമ്മ എന്ന
മതിൽ
പ്രഗ്നാനന്ദയുടെയും വൈശാലിയുടെയും മത്സരങ്ങൾ എവിടെ നടന്നാലും എല്ലാവരുടെയും കണ്ണുകൾ തിരയുന്നത് അമ്മ നാഗലക്ഷ്മിയെയാവും. മത്സരവേദിക്കടുത്ത് ഒരു കോണിൽ മക്കളുടെ നീക്കങ്ങൾ ആകാംക്ഷയോടെ നോക്കി ആ അമ്മ നിൽക്കുന്നുണ്ടാകും. ടാറ്റാ സ്റ്റീൽ ചെസ് ഇന്ത്യ ടൂർണമെന്റിനിടെ മാദ്ധ്യമ പ്രവർത്തകരോട് പ്രഗ്നാനന്ദ പറഞ്ഞത്, മത്സരത്തിൽ താൻ മികച്ചുനിൽക്കുകയാണോ, മോശം അവസ്ഥയിലാണോ എന്ന് അമ്മയ്ക്ക് തന്റെ മുഖം നോക്കിയാൽ മനസിലാകുമെന്നാണ്! പോളിയോ ബാധിതനായ പിതാവ് രമേഷ് ബാബുവിന് എപ്പോഴും കൂടെ പോകാൻ സാധിക്കാറില്ല.
വൈശാലിയും പ്രഗ്നാനന്ദയും ചെസിലേക്കു വന്നതും അമ്മ കാരണമാണ്. വൈശാലിയ്ക്ക് കുട്ടിക്കാലം മുതൽ ടി.വി കാണുന്ന ശീലം കൂടുതലായിരുന്നു. ഇത് പഠനത്തെ ബാധിക്കാൻ സാദ്ധ്യതയുണ്ടെന്ന് മനസ്സിലാക്കിയ നാഗലക്ഷ്മി കണ്ടെത്തിയ മാർഗമാണ് ചെസ് ബോർഡ്. ആ ചെസ് ബോർഡിൽ കളിച്ചുതുടങ്ങിയ പ്രഗ്നയും വൈശാലിയും പിന്നീട് കളി കാര്യമായെടുത്തു. ആദ്യമൊന്നും വലിയ താത്പര്യമില്ലായിരുന്നെങ്കിലും പിന്നീട് ചെസ് അവരുടെ ജീവിതത്തിന്റെ ഭാഗമായി. തുടക്കത്തിൽ വൈശാലിക്കായിരുന്നു ചെസിനോട് കൂടുതൽ കമ്പം.
മക്കൾ തീവ്ര പരിശീലനത്തിലാണെങ്കിൽ വീട്ടിൽ അതിഥികളെ സ്വീകരിക്കാൻ പോലും നാഗലക്ഷ്മി തയ്യാറാവില്ല. രാത്രി ഭക്ഷണത്തിന്റെ സമയത്തു മാത്രമാണ് വീട്ടിൽ ടിവി വയ്ക്കുക. ടൂർണമെന്റുകൾക്ക് പോകുമ്പോൾ നാഗലക്ഷ്മി വീട്ടിലെ ഭക്ഷണമാണ് മക്കൾക്കു നൽകുക. അതിനുവേണ്ടി നാഗലക്ഷ്മി ഒരു ഇൻഡക്ഷൻ സ്റ്റൗവും റൈസ് കുക്കറും കൂടെ കൊണ്ടുപോകും. രമേഷ് ബാബു ബാങ്കിൽ
ജോലി ചെയ്യുന്നു.
അടുത്ത ലക്ഷ്യം
കാൻഡിഡേറ്റ്സ്
ടൂർണമെന്റ്
ഗ്രാൻഡ് മാസ്റ്റർ ആയപ്പോൾ....?
ഞാൻ ചെസ് കളിച്ചു തുടങ്ങിയ നാൾ മുതലുള്ള ആഗ്രഹമായിരുന്നു ഗ്രാൻഡ് മാസ്റ്ററാവുകയെന്നത്. ദീർഘനാളത്തെ യാത്രയായിരുന്നു. ഇപ്പോൾ ഈ ടൈറ്റിൽ കിട്ടിയപ്പോൾ വളരെയധികം സന്തോഷമുണ്ട്.
ഗ്രാൻഡ് മാസ്റ്ററാകാൻ ദീർഘനാൾ കാത്തിരിക്കേണ്ടി വന്നതായി തോന്നുന്നുണ്ടോ?
അതെ; കഴിഞ്ഞ 15 വർഷമായി ചെസ് കളിക്കുന്നുണ്ട്. കളിച്ച എല്ലാ ടൂർണമെന്റും നല്ല അനുഭവമായിരുന്നു. പല തവണ ഈ ടൈറ്റിലിന്റെ അടുത്ത് എത്തിയിരുന്നു. ഇപ്പോൾ ഈ നേട്ടം കൈവരിച്ചതിൽ അതിയായ സന്തോഷമുണ്ട്.
രണ്ടാം റൗണ്ടിൽ തുർക്കിയുടെ ടാമർ താരികിനെ നേരിട്ടാണല്ലോ ഫിഡെ റേറ്റിംഗിൽ 2500 റേറ്റിംഗ് പോയിന്റ് നേടിയത്. ആ സമയത്ത് വിജയത്തിലേക്കു നയിച്ച ടേണിംഗ് പോയിന്റ് ?
ആ സമയത്ത് എനിക്ക് നല്ല ആകാംക്ഷയുണ്ടായിരുന്നു. നല്ല സമ്മർദ്ദവും ഉണ്ടായിരുന്നു. അതിനെയെല്ലാം ഞാൻ നല്ല രീതിയിൽ കൈകാര്യം ചെയ്തു. അതുക്കൊണ്ടുതന്നെ ഗെയിമിൽ വിജയിക്കാനും സാധിച്ചു.
സ്വപ്നം എന്താണ്?
2024ൽ കാനഡയിൽ നടക്കുന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിനു വേണ്ടി പരിശീലിക്കുകയാണ്. അതിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ. പ്രഗും അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.
കളിക്കാൻ കൂടുതൽ കഠിനമായി തോന്നിയത് ആർക്കെതിരെയാണ്?
അങ്ങനെ പ്രത്യേകിച്ച് ഒന്നും തന്നെ തോന്നാറില്ല. കാരണം ഞാൻ എപ്പോഴും കളിക്കുന്നത് എന്റെ എതിരാളിയോട് ആണ്. ചിലപ്പോൾ ആ കളി കഠിനമായിരിക്കാം അല്ലെങ്കിൽ എളുപ്പമായിരിക്കാം. ഞാനും പ്രഗും എപ്പോഴും ഗെയിമിനെക്കുറിച്ച് സംസാരിക്കാറുണ്ട്. ഞങ്ങൾ തമ്മിൽ കുട്ടിക്കാലം മുതൽ കളിക്കുന്നതാണ്. അതുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും കാര്യങ്ങൾ പറയുകയും, എന്താണ് മാറ്റേണ്ടത്, എങ്ങനെ വെല്ലുവിളികൾ പരിഹരിക്കും എന്നൊക്കെ ചർച്ചചെയ്യുകയും ചെയ്യും.
ഏറ്റവും നല്ല എതിരാളി അല്ലെങ്കിൽ ടൂർണമെന്റ് ഏതാണ്?
എല്ലാ ഗെയിംമും വ്യത്യസ്തമാണ്. ചിലപ്പോൾ പ്രയാസമായിരിക്കാം അല്ലെങ്കിൽ എളുപ്പവും ആയിരിക്കാം.
ചെസ് അല്ലാതെ മറ്റെന്തിലാണ് താത്പര്യം?
ഇപ്പോൾ എം.എ എച്ച്.ആർ പഠിക്കുകയാണ്. ചെസ് അല്ലാതെ സമയം ചിലവഴിക്കുന്നത് പഠനത്തിലും ബാഡ്മിന്റണിലും.
ചെസിലേക്ക് വന്നില്ലായിരുന്നെങ്കിൽ?
അതിനെക്കുറിച്ച് എനിക്ക് അറിയില്ല. കാരണം ഞാൻ 15 വർഷമായി ഈ ഫീൽഡിലാണ്. മറ്റൊന്നിനെയും കുറച്ച് ചിന്തിച്ചിട്ടുമില്ല.
വീട്ടിൽ നിന്നുള്ള പിന്തുണ?
എന്റെ മാത്രമല്ല, പ്രഗിന്റെയും വലിയ അനുഗ്രഹമാണ് ഞങ്ങളുടെ കുടുംബം. സത്യം പറഞ്ഞാൽ ഞങ്ങളുടെ അഭിമാനമാണ് അവർ. അച്ഛൻ ടൂർണമെന്റിനു വന്നില്ലെങ്കിലും ഞങ്ങളെ വളരെയധികം സപ്പോർട്ട് ചെയ്യുകയും എല്ലാ കാര്യങ്ങളു ചെയ്തുതരികയും ചെയ്യും. അമ്മ എപ്പോഴും ഞങ്ങളുടെ കൂടെത്തന്നെ കാണും. അമ്മ ഒരുപാട് ത്യാഗം ഞങ്ങൾക്കു വേണ്ടി ചെയ്യുന്നുണ്ട്. അമ്മയും അച്ഛനുമാണ് ഞങ്ങളുടെ ഏറ്രവും വലിയ പ്രചോദനം.
ഇഷ്ടപ്പെട്ട ചെസ് കളിക്കാരൻ?
ആനന്ദ് സാർ. അദ്ദേഹം എന്റെ റോൾ മോഡൽ കൂടിയാണ്.
അടുത്ത ടൂർണമെന്റ് ?
വേൾഡ് റാപ്പിഡ് ആൻഡ് ബ്ളിറ്റ്സ്. അത് ഈ വരുന്ന രണ്ടാഴ്ചക്കുള്ളിൽ ഉണ്ടാവും.