profit

കേരളത്തിന്റെ കാലാവസ്ഥയിൽ നന്നായി വളരുന്നതും കേരളീയരുടെ ഭക്ഷണവിഭവത്തിൽ പ്രധാനമായും ഉൾപ്പെടുത്തുന്ന ഒരു ഇലക്കറിയാണ് ചീര. ഏത് കാലത്തും നന്നായി കൃഷി ചെയ്ത് ലാഭം കൊയ്യാൻ സാധിക്കുന്ന ഒരു വിളയാണ് ഇത്. ലഭ്യമായ സ്ഥലത്തും വിശാലമായ ഭൂമിയിലും ചീര കൃഷി വിജയകരമായി ചെയ്യാവുന്നതാണ്. ഗുണമേൻമയുളള ചീരയുടെ വിത്തുകൾ അടുത്തുളള കൃഷിഭവനുകളിൽ ന്യായമായ വിലയ്ക്ക് ലഭ്യമാണ്. ഒരു പാക്കറ്റ് ചീര വിത്തിന്റെ വില വെറും 15 രൂപയാണ്.

ധാരാളം പോഷകഗുണങ്ങളുളള ഇലക്കറിയാണ് ചീര. അസിഡി​റ്റി,മലബന്ധം,ശ്വാസകോശ സംബന്ധമായ തടസങ്ങൾ തുടങ്ങിയവ തടയാൻ ചീര സഹായിക്കും. ശരീരത്തിലെ ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ ഇവ ഉത്തമമാണ്. വിറ്റാമിൻ എ,സി,കെ, ഇരുമ്പ് തുടങ്ങിയവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

സാധാരണയായി ചീരകൃഷി ചെയ്യുന്നത് വിശാലമായ ഭൂമിയിലാണ്. കൃഷി സ്ഥലം കിളച്ച് 30സെന്റീമീ​റ്റർ വീതിയിലും 15സെന്റീമീ​റ്റർ താഴ്ചയിലും 30സെന്റീമീ​റ്റർ അകലത്തിലും ചാലുകളെടുത്താണ് വിത്തുകൾ പാകുന്നത്. ഗ്രോ ബാഗുകളിലും ചീരകൃഷി ചെയ്യാവുന്നതാണ്. അടിവളമായി ചാണകപൊടിയോ എല്ലുപൊടിയോ മണ്ണിൽ ചേർക്കാവുന്നതാണ്. മഴക്കാലത്ത് തടങ്ങൾക്ക് പകരം ചാലുകൾ എടുത്തും വിത്തുകൾ നടാം .25 മുതൽ 35 ദിവസത്തിനുളളിൽ ചീരകൃഷി വിളവെടുക്കാവുന്നതാണ്. ജൈവകൃഷി ചെയ്തെടുക്കുന്ന ചീരയ്ക്ക് വിപണിയിൽ വലിയ വില ലഭിക്കാറുണ്ട്.

ചീര വിത്ത് ശരിയായി പാകേണ്ട രീതി
വിത്ത് ചാണകപൊടിയും ഇരട്ടിയളവിൽ മണ്ണുമായി കലർത്തിയതിന് ശേഷം മാത്രം പാകുക. കൃഷി ചെയ്യുന്ന സ്ഥലത്ത് ഉറുമ്പിന്റെ ശല്യമുണ്ടെങ്കിൽ റവയോ ഗോതമ്പ് മാവോ ചേർത്ത് മാത്രം വിത്ത് പാകുക. പാകിയതിന് ശേഷം വെളളം നന്നായി സ്‌പ്രേ ചെയ്ത് കൊടുക്കാം.

വളപ്രയോഗം

രണ്ടാഴ്ചകൾക്കിടയിൽ വേപ്പിൻ പിണ്ണാക്ക്, ചാണകം, സുഡോമോണസ് തുടങ്ങിയവ കലക്കി തയ്യാറാക്കിയ മിശ്രിതം നന്നായി അരിച്ചെടുത്ത് ചീരകൾക്ക് ഒഴിക്കുന്നതിലൂടെ ഇലകൾ കരുത്തോടെ വളരാൻ സഹായിക്കും. ഗോമൂത്രം നേർപ്പിച്ച് ചീരച്ചെടികൾക്ക് ഒഴിച്ചുകൊടുക്കുന്നതും ഉത്തമമായിരിക്കും. ഇലകളിൽ ബാധിക്കുന്ന പുഴുക്കളും പ്രാണികളും വന്നുപ​റ്റുന്ന ഇലകൾ ചെടിയിൽ നിന്നും പൂർണമായും നീക്കം ചെയ്യണം. പുകയില കഷായം നേർപ്പിച്ച് ഇലകളിൽ തളിക്കുന്നതും ഇതിന് സഹായിക്കും.ഗോമൂത്രം,കാന്താരി മുളക് മിശ്രിതം തുടങ്ങിയവയും ഉപയോഗിക്കാം.