
പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്കുശേഷം മൂന്നാറിലേക്ക് ഷിഫ്ട് ചെയ്തു. നിവിൻ പോളി ലൊക്കേഷനിൽ ജോയിൻ ചെയ്തു. പ്രണവും നിവിനും ബേസിൽ ജോസഫും ഒരുമിച്ചുള്ള കോമ്പിനേഷൻ സീനാണ് ചിത്രീകരിക്കുന്നത്. ജേക്കബിന്റെ സ്വർഗരാജ്യത്തിനുശേഷം വിനീത് ശ്രീനിവാസൻ ചിത്രത്തിൽ നിവിൻ പോളി ഭാഗമാകുന്നു എന്ന പ്രക്യേകത കൂടിയുണ്ട്.എഴുപുന്നയിലും കണ്ണൂരിലും വർഷങ്ങൾക്കുശേഷത്തിന്റെ ചിത്രീകരണം ഉണ്ടായിരുന്നു. 23 ദിവസം കൊണ്ടാണ് ആദ്യ ഷെഡ്യൂൾ പൂർത്തിയായത്. കല്യാണി പ്രിയദർശൻ, നീരജ് മാധവ്, നിത പിള്ള, ധ്യാൻ ശ്രീനിവാസൻ, അർജുൻ ലാൽ, നിഖിൽ നായർ, അജു വർഗീസ് , ഷാൻ റഹ്മാൻ എന്നിങ്ങനെ വലിയതാരനിരയുണ്ട്. വിനീത് ശ്രീനിവാസനും താരനിരയിലുണ്ട്. വിനീതിന്റെ രചനയിലാണ് വർഷങ്ങൾക്കുശേഷം ഒരുങ്ങുന്നത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിർമ്മിക്കുന്നത്. ശരീര ഭാരം കുറിച്ച് മേക്കോവറിലാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. അമൃത് രംഗനാഥാണ് സംഗീതം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായി അഭിനയിച്ച ചിത്രമാണ് ഹൃദയം. കഴിഞ്ഞ വർഷം വൻവിജയം നേടിയ ഹൃദയത്തിനുശേഷം വിനീതും പ്രണവും വീണ്ടും ഒരുമിക്കുന്നതിനാൽ വൻ പ്രതീക്ഷയാണ് നൽകുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനർ ആയിരുന്ന മെറിലാൻഡിന്റെ തിരിച്ചുവരവു ചിത്രം കൂടിയായിരുന്നു ഹൃദയം.