scrumbulance

ലോകജനത അഭിമുഖീകരിച്ചതിൽ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടങ്ങളിൽ ഒന്നായിരുന്നു കൊവിഡ് മഹമാരിക്കാലം. ആളുകൾ വീടുകൾക്കുള്ളിൽ അടച്ചുപൂട്ടപ്പെട്ടപ്പോൾ സേവനങ്ങൾ മിക്കതും ഓൺലൈനായി. വിനോദ സഞ്ചാര മേഖലയിൽ മാത്രം ഓൺലൈൻ സേവനങ്ങൾ അങ്ങനെ പ്രയോജനപ്പെടുത്താനാകില്ല.

ടിക്കറ്റുകൾ ബുക്ക് ചെയ്യാമെങ്കിലും കാണേണ്ട സ്ഥലങ്ങളും സംഭവങ്ങളുമൊക്കെ നേരിൽ പോയി കാണണമല്ലോ. ഇതിനിടെയാണ് വീടിനുള്ളിൽ കഴിയുന്ന ആളുകൾക്കായി ലോകത്തെ ആദ്യത്തെ ഹോറർ ഡെലിവറി സർവീസ് ആരംഭിച്ചത്. ഫുഡ് ഡെലിവറി എന്നൊക്കെ കേട്ടിരിക്കാം. പക്ഷേ, എന്താണ് ഈ ഹോണ്ടഡ് ഡെലിവറി സർവീസ് ?

ജപ്പാനിൽ പ്രേതകഥകളുടെ ആരാധകർക്കായി ആരംഭിച്ച ഒരു സർവീസാണിത്. ലോക്ക്‌ഡൗണിന്റെ വിരസത അകറ്റാൻ ഒരു മൊബൈൽ ഹോണ്ടഡ് ഹൗസ് തരംഗമായി മാറിയിരുന്നു. ജപ്പാനിലെ ടോക്കിയോയിൽ മാത്രം ലഭ്യമാക്കിയ ഈ സർവീസിന്റെ പേര് ' സ്ക്രീംബുലൻസ് " എന്നാണ്. കൊവാഗാരസെറ്റായി എന്ന ജപ്പാനീസ് ഹോണ്ടഡ് ഹൗസ് കമ്പനിയുടെ മൊബൈൽ ഹോണ്ടഡ് ഹൗസ് സർവീസ് ആണിത്. അതായത്, സഞ്ചരിക്കുന്ന പ്രേത വീട്.

scrumbulance

പേര് പോലെ ശരിക്കും ഇതൊരു ആംബുലൻസ് ആണ്. എന്നാൽ കണ്ടാൽ പ്രേതബാധ പിടിച്ചത് പോലെ തോന്നും. കാണുന്നവർ ആരായാലും പേടിക്കും. ഈ ഭയപ്പെടുത്തുന്ന ആംബുലൻസ് സർവീസിനെ നമ്മൾ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് ഇഷ്ടമുള്ള സമയത്തേക്ക് ഓർഡർ ചെയ്യാനാകും. ഇവിടേക്കെത്തുന്ന ഈ പ്രേത ആംബുലൻസും അതിനുള്ളിലെ സോംബികളെ പോലുള്ളവരും കൊടുക്കുന്ന പണത്തിനനുസരിച്ച് കസ്റ്റമേഴ്സിനെ ഭയപ്പെടുത്തുന്നു.

ആംബുലൻസിന്റെ ഉള്ളിലും പുറത്തുമെല്ലാം കൃത്രിമ രക്തം കാണാം. ഭയപ്പെടുത്തുന്ന നിരവധി ദൃശ്യങ്ങൾ ആശുപത്രിയുടെ തീമിൽ ആംബുലൻസിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ പ്രത്യേക സൗണ്ട് ഇഫക്ടുകളും ആംബുലൻസിൽ റെഡി. ആംബുലൻസിനുള്ളിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും വേഷത്തിലുള്ളവർ സോംബികളെ പോലെയാണ് പ്രത്യക്ഷപ്പെടുന്നത്. 2021 ജൂലായ് ഒന്ന് മുതലാണ് ഈ സർവീസ് ആരംഭിച്ചത്.

ഒരു തവണ പരമാവധി ആറുപേർക്ക് സർ‌വീസ് ലഭ്യമാക്കാൻ സൗകര്യമുള്ള ഈ ആംബുലൻസ് സർവീസിന് ഏകദേശം 9,000 യെൻ ( ഏകദേശം 6,000 രൂപ ) വരെയായിരുന്നു ഫീസ്. ജപ്പാനിൽ നിരവധി ഹോണ്ടഡ് ഹൗസ് പാർക്കുകൾ ഉണ്ട്. കൊവിഡ് വന്നതോടെ ഇവയെല്ലാം സന്ദർശകർക്ക് മുന്നിൽ വാതിലടച്ചതോടെയാണ് മൊബൈൽ ഹോണ്ടഡ് സർവീസ് എന്ന ആശയം അവതരിപ്പിക്കപ്പെട്ടത്.