
ലക്‌നൗ: വളർത്തുപൂച്ചയിൽ നിന്ന് പേവിഷബാധയേറ്റ സർക്കാർ സ്‌കൂൾ അദ്ധ്യാപകനും മകനും ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കഴിഞ്ഞ സെപ്തംബറിൽ പൂച്ചയ്ക്ക് തെരുവ് നായയിൽ നിന്ന് കടിയേറ്റിരുന്നു. പൂച്ച പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടും വീട്ടുകാർ ശ്രദ്ധകൊടുക്കാത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതർ പറയുന്നു.
ജോലിയിൽ നിന്ന് അവധിയെടുത്ത് വീട്ടിലെത്തിയ 24കാരനായ മകനാണ് ആദ്യം പേവിഷബാധയേറ്റത്. കളിപ്പിക്കുന്നതിനിടെ പൂച്ച കടിക്കുകയായിരുന്നു. ഒരാഴ്‌ചയ്ക്ക് ശേഷം ആരോഗ്യം മോശമായതിനെത്തുടർന്ന് യുവാവ് മരണപ്പെട്ടു. ഇതിന് ഒരാഴ്‌ചയ്ക്ക് ശേഷമാണ് ഇതേ ലക്ഷണങ്ങളോടെ 58കാരനായ പിതാവും മരണപ്പെടുന്നത്.
പൂച്ച കടിച്ചതിനുശേഷം ഇരുവരും ആന്റി ടെറ്റനസ് ഇഞ്ചക്ഷനാണ് എടുത്തതെന്നും ആന്റി റാബീസ് വാക്‌സിൻ എടുത്തിരുന്നില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു. തെരുവ് നായയിൽ നിന്ന് കടിയേറ്റ പൂച്ച കുറച്ച് ദിവസങ്ങൾക്കുശേഷം ചത്തുപോയെങ്കിലും വീട്ടുകാർ കാര്യമാക്കിയില്ല. പിന്നീട് ഒരു കല്യാണത്തിൽ പങ്കെടുക്കാൻ കുടുംബം ഭോപ്പാലിലേയ്ക്ക് പോയിരുന്നു. അവിടെവച്ചാണ് യുവാവിന്റെ നില വഷളാകാൻ തുടങ്ങിയത്.
ഒരേകുടുംബത്തിലെ രണ്ടുപേർ മരണപ്പെട്ടത് അയൽവീടുകളിലും പരിഭ്രാന്തി പരത്തുകയാണ്. കുടുംബത്തിൽ മറ്റാർക്കെങ്കിലും രോഗബാധയേറ്റിട്ടുണ്ടോയെന്ന് നിർണയിക്കാൻ മറ്റുള്ളവരുടെ രക്തസാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
എന്താണ് റാബീസ്?
ആർ എ ബി വി എന്ന വൈറസ് ബാധയേറ്റുണ്ടാവുന്ന രോഗമാണ് പേവിഷബാധ. പട്ടി, വവ്വാൽ, കുരങ്ങ്, പൂച്ച തുടങ്ങിയവയുടെ കടിയേറ്റാണ് സാധാരണയായി ഈ രോഗമുണ്ടാവുന്നത്. പക്ഷാഘാതം, ചുഴലി, മയക്കം തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. പേവിഷബാധയേൽക്കാൻ സാദ്ധ്യതയുള്ള മൃഗങ്ങളുടെ കടിയേറ്റാലുടൻ ആന്റി റാബീസ് വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ രോഗബാധ തടയാൻ സാധിക്കുമെങ്കിലും കടിയേറ്റയാളിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ മാരകമാകാനും ഇടയുണ്ട്.
എന്താക്കെയാണ് ലക്ഷണങ്ങൾ
പേവിഷബാധയ്ക്ക് കാരണമായ വൈറസ് ശരീരത്തിൽ പ്രവേശിച്ച് ആഴ്ചകളോളം രോഗലക്ഷണങ്ങളൊന്നും പ്രകടമാകില്ലെന്ന് ഡോക്ടർമാർ പറയുന്നു. എന്നിരുന്നാലും കടിയേറ്റ് ഈ ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ ഡോക്‌ടറെ സമീപിക്കേണ്ടത് വളരെ പ്രധാനമാണ്.
അണുബാധ എങ്ങനെ ബാധിക്കുന്നു?
രോഗബാധയേറ്റ മൃഗത്തിന്റെ ഉമിനീരിൽ നിന്ന് മനുഷ്യന്റെ മുറിലിലൂടെയാണ് റാബീസ് വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നത്. തുടർന്ന് ഇത് നാഡികളിലൂടെ കേന്ദ്ര നാഡീവ്യൂഹത്തിലെത്തുകയും അവിടെനിന്ന് തലച്ചോറിൽ പ്രവേശിക്കുകയും ചെയ്യുന്നു.
പേവിഷബാധ എങ്ങനെ തടയാം?
വളർത്തുമൃഗങ്ങളിൽ കൃത്യമായി കുത്തിവയ്‌പ്പെടുക്കുകയും അവയെ സൂക്ഷിക്കുകയും ചെയ്യുന്നതിലൂടെ പേവിഷബാധ തടയാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു.