കൊച്ചി: ആഗോള സാമ്പത്തിക അനിശ്ചിതത്വം ശക്തമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പ്രിയമേറിയതിനാൽ സ്വർണവില പവന് 320 രൂപ വർദ്ധിച്ച് 47,080 രൂപയിലെത്തി റെക്കാഡിട്ടു. ഗ്രാമിന് വില 40 രൂപ ഉയർന്ന് 5885 രൂപയായി. ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2140 ഡോളറെന്ന പുതിയ ഉയരത്തിലെത്തി. ശനിയാഴ്ച പവൻ വില 600 രൂപ വർദ്ധിച്ച് 46,780 രൂപയെന്ന റെക്കാഡിട്ടിരുന്നു.
വിജയത്തിന് ഓഹരി
വിപണിയുടെ സല്യൂട്ട്
മൂന്ന് സംസ്ഥാനങ്ങളിൽ ബി.ജെ.പി മിന്നുന്ന വിജയം കൈവരിച്ചതിന്റെ ആവേശത്തിൽ നിക്ഷേപകർ പണമൊഴുക്കിയതോടെ ഇന്ത്യൻ ഓഹരികൾ റെക്കാഡ് ഉയരത്തിലെത്തി. സെൻസെക്സ് 1,384 പോയിന്റ് നേട്ടവുമായി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 68,865ലെത്തി. ദേശീയ സൂചികയായ നിഫ്റ്റി 419 പോയിന്റ് കുതിച്ച് 20,703ൽ റെക്കാഡിട്ടു. ഇന്നലെ ഓഹരികളുടെ മൊത്തം മൂല്യത്തിൽ 5.7 ലക്ഷം കോടി രൂപയുടെ വർദ്ധനയുണ്ടായി.
ആഗോള മാന്ദ്യം ശക്തമാകുമ്പോഴും ഇന്ത്യ മികച്ച വളർച്ച നേടുന്നതിനാൽ വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് കൂടുകയാണ്.
എണ്ണ വില താഴുന്നു
മാന്ദ്യംമൂലം ഉപഭോഗം കുറഞ്ഞതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില രണ്ടു ശതമാനം കുറഞ്ഞ് ബാരലിന് 77.8 ഡോളറായി. വരുംദിവസങ്ങളിൽ ബാരൽ വില 75 ഡോളർ വരെ താഴുമെന്നാണ് പ്രവചനം.