shashi-tharoor

ന്യൂഡൽഹി: ഇംഗ്ളീഷ് ഭാഷയിലെ പ്രാഗത്ഭ്യം, കടുകട്ടിയുള്ള വാക്കുകളുടെ ഉപയോഗം എന്നിവകൊണ്ട് പ്രശസ്‌തനാണ് കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ. അധികമാരും ഉപയോഗിച്ച് കേട്ടിട്ടില്ലാത്ത വാക്കുകൾകൊണ്ട് അദ്ദേഹം ആളുകളെ ‌ഞെട്ടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ തരൂരിന്റെ ഇംഗ്ളീഷ് പ്രാവീണ്യം ഓസ്ട്രേലിയയിൽവരെ മാതൃകയാക്കപ്പെടുകയാണ്.

ഓസ്‌ട്രേലിയയിലെ അദ്ധ്യാപകനായ ജേയ് സമൂഹമാദ്ധ്യമത്തിൽ തരൂരിന്റ വീഡിയോ പങ്കുവച്ചതാണ് ശ്രദ്ധനേടുന്നത്. തരൂരിന്റെ പ്രസംഗത്തെ വിശകലനം ചെയ്ത് അദ്ദേഹത്തെപ്പോലെ എങ്ങനെ സംസാരിക്കാമെന്ന് നുറുങ്ങുകൾ പങ്കുവയ്ക്കുകയായിരുന്നു അദ്ധ്യാപകൻ. തരൂരിന്റ ഇംഗ്ലീഷ് സംസാരരീതി വളരെ മികച്ചത് എന്നാണ് അദ്ധ്യാപകൻ വിശേഷിപ്പിച്ചത്.

'ശശി തരൂരിന്റെ ഇംഗ്ലീഷ് ഉച്ചാരണം വളരെ മനോഹരമാണ്. എങ്ങനെയാണ് ഇത്ര നന്നായി സംസാരിക്കാൻ സാധിക്കുന്നത്? വാക്കുകളുടെ താളം വളരെ മികച്ചതാണ്'- എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചത്.

View this post on Instagram

A post shared by Jay Teacher (@jayteacher_)

ഏകീകൃത ഉച്ചാരണത്തിനുപകരം നിർദ്ദിഷ്ട അക്ഷരങ്ങളിൽ ഊന്നൽ നൽകുന്നതാണ് തരൂരിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് വീഡിയോയിൽ അദ്ധ്യാപകൻ ചൂണ്ടിക്കാട്ടുന്നു. വീഡിയോയ്ക്ക് ഇതുവരെ 2.7 ദശലക്ഷം വ്യൂസാണ് ലഭിച്ചത്. ഒന്നരലക്ഷത്തോളം ലൈക്കുകളും ലഭിച്ചു. അനേകായിരം പേരാണ് തരൂരിന്റെ പ്രസംഗത്തെ പ്രശംസിച്ച് കമന്റ് ചെയ്തിരിക്കുന്നത്.