man

കാലം മാറുന്നതിനനുസരിച്ച് ഓരോ മനുഷ്യന്റെയും കാഴ്ചപ്പാടുകളിലും അഭിപ്രായങ്ങളിലും മാറ്റങ്ങൾ വന്നുതുടങ്ങും. അതിനാൽത്തന്നെ ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കൽപ്പങ്ങളിലും താൽപ്പര്യങ്ങളിലും വലിയ മാറ്റമാണ് പലരിലും ഉണ്ടായിട്ടുള്ളത്. ഇത്തരത്തിൽ ഇപ്പോഴത്തെ കാലത്തെ സ്ത്രീ പുരുഷനിൽ ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളുണ്ട്. ഈ സ്വഭാവം അല്ലെങ്കിൽ ശീലങ്ങളുള്ള പുരുഷന്മാരെ സ്ത്രീകൾ ഇഷ്ടപ്പെടില്ല എന്നാണ് ഒരു പഠനത്തിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. എല്ലാം ഉള്ളിലൊതുക്കി ഒതുങ്ങിക്കൂടിയിരുന്നവരിൽ നിന്ന് സ്വന്തം അഭിപ്രായവും ആവശ്യങ്ങളും വളരെ വ്യക്തതയോടെ പ്രകടിപ്പിക്കുന്നവരിലേയ്‌ക്ക് ഇന്നത്തെ സ്ത്രീകൾ മാറിയിരിക്കുകയാണ്. നിങ്ങളുടെ ഭാര്യ, കാമുകി, മകൾ തുടങ്ങി ഇപ്പോഴത്തെ ഓരോ സ്ത്രീക്കും പുരുഷനിൽ ഇഷ്ടമല്ലാത്ത അഞ്ച് കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

1. അഭിപ്രായങ്ങൾക്ക് വില കൊടുക്കാതിരിക്കുക

സ്ത്രീയ്‌ക്ക് ഒന്നുമറിയില്ല എന്ന ധാരണ നിങ്ങളുടെ മനസിൽ ഉണ്ടെങ്കിൽ അത് എത്രയും വേഗം മാറ്റൂ. ഓരോ കാര്യത്തിനും അവർക്ക് അവരുടേതായ അഭിപ്രായങ്ങളുണ്ട്. അതിനാൽത്തന്നെ കുടുംബത്തിലെ സുപ്രധാന വിഷയങ്ങളിൽ സ്ത്രീകളുടെ അഭിപ്രായത്തിനു കൂടി പ്രാധാന്യം കൊടുക്കുക.

2. ശുചിത്വം ഇല്ലായ്‌മ

വൃത്തിയില്ലാത്ത നഖങ്ങൾ, വായ്‌ നാറ്റം, ശരീര ദുർഗന്ധം തുടങ്ങിയ കാര്യങ്ങൾ സ്ത്രീകൾക്ക് ഇഷ്ടമല്ല. ബ്രാന്റഡ് വസ്ത്രമാണ് ധരിച്ചിരിക്കുന്നത് എങ്കിൽപ്പോലും ഇത്തരം ശീലങ്ങളുള്ളവരോട് സ്ത്രീകൾക്ക് താൽപ്പര്യം കുറവായിരിക്കും.

3. അടുക്കളയിൽ ഒതുക്കി നിർത്തരുത്
പുരുഷന്മാരെ പോലെ തന്നെ സ്ത്രീകൾക്കും അവരുടേതായ കഴിവുകളുണ്ട്. ജോലി, പഠനം എന്നിവയെക്കാളെല്ലാം വലുത് കുടുംബമാണ്, അടുക്കളജോലി ചെയ്യേണ്ടത് സ്ത്രീകൾ മാത്രമാണ് തുടങ്ങിയ ചിന്താഗതിയുള്ള പുരുഷന്മാരോടും സ്ത്രീകൾക്ക് താൽപ്പര്യം കുറവാണ്.

4. തുറന്ന് സംസാരിക്കണം

വിഷമം, ദേഷ്യം, സങ്കടം തുടങ്ങിയ വികാരങ്ങൾ എല്ലാ മനുഷ്യർക്കുമുണ്ട്. സ്ത്രീയുടെ മുന്നിൽ കരഞ്ഞാൽ അഭിമാനം നഷ്ടപ്പെടും എന്ന ചിന്ത മാറ്റി മനസ് തുറക്കാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കുടുംബത്തിലെ പല പ്രശ്നങ്ങളും ഉണ്ടാകില്ല എന്നത് മാത്രമല്ല, ഭാര്യയ്‌ക്ക് നിങ്ങളോടുള്ള സ്നേഹവും വർദ്ധിക്കും.

5. ആഗ്രഹങ്ങൾ വേണം

ജീവിതത്തിൽ എന്തെങ്കിലും നേടിയെടുക്കണം എന്ന ചിന്ത പുരുഷന്മാരിൽ ഉണ്ടായിരിക്കണം. ഇങ്ങനെയുള്ളവരോട് സ്ത്രീകൾക്ക് പ്രത്യേക ബഹുമാനവും ഇഷ്ടക്കൂടുതലും ഉണ്ടാകും. അതിനാൽ തന്നെ ഒതുങ്ങിക്കൂടാൻ ശ്രമിക്കാതെ ജീവിതത്തിൽ ഉയർച്ചകൾ കൈവരിക്കണം എന്ന ചിന്ത മനസിലേയ്‌ക്ക് കൊണ്ടുവരിക.