
ഇരുട്ട്, സിതാങ് നദിയിൽ വീണു കുഴഞ്ഞ് ഒഴുക്കിന് ഭാരം കൂടിയിരുന്നു. അക്കരെ, ബുദ്ധ കുന്നുകളിലെ പഗോഡകൾക്കു മീതെ ഒറ്റനക്ഷത്രവും തെളിയാതിരുന്ന ആകാശത്തേക്കു കണ്ണുറപ്പിച്ച് ക്യാപ്റ്റൻ സാം മനേക്ഷാ പിന്നെയും പറഞ്ഞുറപ്പിച്ചു: എവരിതിംഗ് വിൽ ബി ഓക്കെ. ക്യാപ്റ്റന് അറിയാം; ബുദ്ധവിഹാരങ്ങളുടെ നിഴലരികിൽ ജപ്പാന്റെ ഇംപീരിയൽ സൈന്യം ഇക്കരയ്ക്ക് ഉന്നംചൂണ്ടിയിരിപ്പുണ്ട്. ട്വെൽത് ഫ്രോണ്ടിയർ ഫോഴ്സ് റജിമെന്റിന്റെ നാലാം ബറ്റാലിയൻ. ക്യാപ്റ്റന്റെ എ കമ്പനിയിലുണ്ടായിരുന്ന പാതിയോളം സൈനികരും കൊല്ലപ്പെട്ടിരുന്നു.
1942. രണ്ടാം ലോകയുദ്ധം. പഴയ ബർമ്മയിലെ സിതാങിൽ ഇന്ത്യയിലേക്കു തുറക്കുന്ന കിഴക്കൻ വാതിൽക്കൽ ജപ്പാൻ സൈന്യത്തിന്റെ തക്കംപാർത്തിരിപ്പ്. സിതാങ് റെയിൽപ്പാലം തകർത്ത്, ഇംപീരിയൽ സൈന്യത്തിന്റെ വഴിയടയ്ക്കുക. ക്യാപ്റ്റൻ സാം മനേക്ഷായ്ക്കു കിട്ടിയ ഓർഡർ. പുലർച്ചെ, നദി കടന്ന് ബുദ്ധ കുന്നുകളിലേക്ക് ഇരച്ചുകയറിയ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിനു നേരെ ഇംപീരിയൽ ആർമിയുടെ തോക്കുകൾ ചോര തുപ്പിക്കൊണ്ടിരുന്നു.
തുടരെത്തുടരെ ഒൻപത് വെടിമുഴക്കങ്ങൾ. കുന്നിന്റെ ഉച്ചിയിലേക്ക് താഴ്വാരത്തു നിന്ന് തോക്കുകളുമായി ഒഴുകിക്കയറുക എളുപ്പമായിരുന്നില്ല. ഒൻപത് വെടിയുണ്ടകൾ സാം മനേക്ഷായുടെ വയറ്റിൽ ചോരച്ചുഴിയായി. പഗോഡകൾക്കു താഴേച്ചെരിവിലെ പുൽപ്പടർപ്പിൽ നിന്ന് ചോരയുടെ ചെറുപുഴ സിതാങ് നദിയിലേക്ക് ഒഴുകി. ഓർഡർലി മെഹർ സിംഗ് ആണ് അതു കണ്ടത്. ക്യാപ്റ്റന്റെ കണ്ണുകൾ തുറന്നിരിപ്പുണ്ട്. ചുണ്ട് അനങ്ങുന്നുണ്ട്. വാരിയെടുത്ത് ചുമലിലിട്ടപ്പോൾ മെഹർസിംഗിന്റെ കാതിൽ ക്യാപ്റ്റന്റെ ശ്വാസം നേർത്ത കാറ്റായി: ഐ ആം ഓകെ, ഐ ആം ഓകെ...
ഇക്കരെ, മെഡിക്കൽ ക്യാമ്പിലേക്ക് ചുമന്നുകൊണ്ടുചെന്ന ശരീരം കണ്ട് ഓസ്ട്രേലിയൻ സർജന്റെ വിധിയെഴുത്ത്: ഒരുപാടു പേരുടെ മുറിവു തുന്നാനുണ്ട്. പിഞ്ഞിപ്പോയ ഈ ശരീരത്തിനു മേൽ ഇനി ഞാൻ സമയം ചെലവാക്കണോ? എങ്കിലും മനേക്ഷായുടെ കൺപീലികൾ അനങ്ങുന്നതു കണ്ട് ഡോക്ടർ ചോദിച്ചു: എന്തു പറ്റി, ബോയ്? ക്യാപ്റ്റൻ കണ്ണു തുറന്നു: യുദ്ധത്തിനിടയിൽ ഒരു കോവർ കഴുത ഒന്നു ചവിട്ടി! ഡോക്ടർ പൊട്ടിച്ചിരിച്ചു. ബോയ്, ഈ വേദനയിലും ഇത്രയും നർമ്മം പറയാനാവുന്നയാളെ രക്ഷിക്കാതിരിക്കാനാവില്ല! അപ്പോഴും സാം മനേക്ഷായുടെ ചുണ്ടിൽ ജീവന്റെ ചെറുകാറ്റ് മന്ത്രിച്ചു: ഐ ആം ഓകെ, ഐ ആം ഓകെ....
മേഘ്നാ ഗുൽസാർ സംവിധാനം ചെയ്ത സാം ബഹാദൂർ എന്ന സിനിമ കണ്ട് കോരിത്തരിപ്പോടെ കൈയടിച്ച് തിയേറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകരുടെ നെഞ്ചിൽ ഒരിക്കൽക്കൂടി ആ ധീരജീവിതത്തിന്റെ വിസ്മയം നിറയുന്നു. സാം ഹോമുസ്ജി ഫ്രാംജി ജംഷഡ്ജി മനേക്ഷാ. ഫീൽഡ് മാർഷൽ റാങ്കിലേക്ക് ഉയർത്തപ്പെട്ട ആദ്യ ഇന്ത്യൻ സൈനിക ഓഫീസർ. ഇന്ത്യയുടെ ഏഴാമത് സൈനിക മേധാവി (1969 ജൂൺ മുതൽ 1973 ജനുവരി വരെ). അഞ്ചു യുദ്ധങ്ങളിൽ ധീരമുദ്ര ചേർത്ത പോരാളി. രണ്ടാം ലോകയുദ്ധം, 1947- ലെയും 1965-ലെയും 1971-ലെയും ഇന്ത്യ- പാക് യുദ്ധങ്ങൾ, ഇന്ത്യ- ചൈന യുദ്ധം, ബംഗ്ളാദേശ് വിഭജനത്തിലെ ഇന്ത്യൻ യുദ്ധ നായകൻ... ബഹുമതികളായി മിലിട്ടറി ക്രോസ്, പദ്മഭൂഷൺ, പദ്മവിഭൂഷൺ, വെള്ളിത്തിരയിലൊതുങ്ങാത്ത തിരക്കഥയാണ് സാം മനേക്ഷാ എന്ന സൈന്യാധിപന്റെ ജീവിതം.
1971. ബംഗ്ളാദേശ് വിഭജനത്തിന്റെ വിത്ത്, കിഴക്കൻ പാകിസ്ഥാനിലെ കാടുകളിൽ കിളിർത്തു പൂത്ത കാലം. പാക് സൈന്യത്തിനെതിരെ മുക്തി ബാഹിനി ഗറില്ലാ സംഘത്തിന്റെ യുദ്ധമുറകളെ സൈന്യം നേരിട്ടത് അതിക്രൂരമായി. സൈനിക കമാൻഡർ കൂടിയായിരുന്ന പ്രസിഡന്റ് യഹ്യാ ഖാന്റെ ഓപ്പറേഷൻ സെർച്ച് ലൈറ്റ്, ബംഗ്ളാദേശ് വിമോചന പോരാളികളുടെ ഒളിത്താവളങ്ങൾ അരിച്ചുപെറുക്കി. ബംഗാളി പൗരന്മാർ, സർവകലാശാല വിദ്യാർത്ഥികൾ, മതന്യൂനപക്ഷങ്ങൾ, ചിന്തകർ.... പോയിന്റ് ബ്ളാങ്കിൽ മരിച്ചുവീണ ധീരയോദ്ധാക്കൾ. ആയിരക്കണക്കിന് സ്ത്രീകൾക്കു മേൽ പാക് സൈനികർ വേട്ടനായ്ക്കളായി. യുവതികളെ പരസ്യമായി പൂർണ നഗ്നരാക്കി നടത്തി. വംശഹത്യയുടെ ഏറ്റവും ക്രൂരമായ അദ്ധ്യായങ്ങൾ.
പാക് അതിർത്തി കടന്ന് ലക്ഷക്കണക്കിന് അഭയാർത്ഥികൾ ഇന്ത്യയിൽ, പടിഞ്ഞാറൻ ബംഗാളിലേക്ക് ഒഴുകി. ഇന്ത്യയ്ക്കു താങ്ങാനാവാത്ത ആ അഭയാർത്ഥി പ്രവാഹത്തിന് അണകെട്ടാൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു മുന്നിൽ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ. ബംഗ്ളാദേശ് വിമോചനത്തെ പിന്തുണച്ച്, പാക് സൈന്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുക. ക്യാബിനറ്റ് യോഗത്തിനിടയിലേക്ക് ഇന്ദിര, സാം മനേക്ഷയെ വിളിച്ചുവരുത്തി: യുദ്ധത്തിന് തയ്യാറാണോ?
അല്ല!
എന്തുകൊണ്ട്?
മനേക്ഷാ കാരണങ്ങൾക്ക് അക്കമിട്ടു. ഇൻഫൻട്രി ഡിവിഷനുകൾ പലതും മറ്റു പലയിടത്തും വിന്യസിച്ചിരിക്കുന്നു. യുദ്ധത്തിനു പോകാവുന്ന അവസ്ഥയിൽ പന്ത്രണ്ടു ടാങ്കുകളേ കൈവശമുള്ളൂ. അവ കൊണ്ടുപോകാൻ തന്നെ റെയിൽ ക്യാരിയേജുകൾ കിട്ടാനില്ല. കൊയ്ത്തുസമയമായതുകൊണ്ട് ഗുഡ്സ് വാഗണുകളെല്ലാം ധാന്യക്കടത്തിന്റെ തിരക്കിൽ. തന്നെയല്ല, മഴക്കാലം അടുത്തിരിക്കുന്നു. ഹിമാലയൻ നിരകളിൽ വിള്ളൽ വീണ് വെള്ളപ്പൊക്കവും മലയിടിച്ചിലും തീർച്ച. യുദ്ധത്തിന് അനുകൂലമായി ഒരു ഘടകം പോലും പറയാനില്ല! പക്ഷേ, യുദ്ധം എന്ന ഏകതീരുമാനത്തിൽ കാബിനറ്റ് പിരിഞ്ഞു.
മീറ്റിംഗ് റൂമിൽ പ്രധാനമന്ത്രിയും സൈനിക മേധാവിയും മാത്രം. ഇന്ദിര ചോദിച്ചു: സാം കിഴക്കൻ പാകിസ്ഥാനിലേക്ക് എപ്പോൾ പുറപ്പെടും? ഒരു ഞൊടിപോലും ആലോചിക്കാനുണ്ടായിരുന്നില്ല, സാം മനേക്ഷായ്ക്ക്: ഞാൻ ഇപ്പോൾ രാജിക്കത്തു നൽകണോ, അതോ രാവിലെ മതിയോ?
എനിക്കു മുന്നിൽ മാർഗം വേറെയില്ല സാം- ഇന്ദിരയുടെ നിസ്സഹായതയ്ക്കു മുന്നിലേക്ക്, മേശപ്പുറത്തു നിന്ന് ഒരു ഡയറിയുടെ താൾ വലിച്ചുകീറിയെടുത്ത് സാം മനേക്ഷാ ഒരു തീയതി എഴുതിനീട്ടി. യുദ്ധം തന്നെയാണ് തീരുമാനമെങ്കിൽ അത്, ഈ തീയതിയിൽ തുടങ്ങാം; വിജയം ഞാൻ ഉറപ്പുതരാം! ഇന്ദിരയ്ക്കു മുന്നിൽ പാകിസ്ഥാന്റെ ഭൂപടം നിവർന്നു. സാം മനേക്ഷാ കിഴക്കൻ കാടുകൾക്കു മീതെ ചുവന്ന വൃത്തം വരച്ചു: ഇതാണ് മുക്തി ബാഹിനിയുടെ പ്രവർത്തനകേന്ദ്രം. പാക് സൈനികർക്കു നേരെ പോരാടാൻ അവരെ പരിശീലിപ്പിക്കണം. സൈനിക മുറകൾ അഭ്യസിപ്പിക്കണം.
വടക്കൻ മേഖലയിൽ ഇന്ത്യൻ വ്യോമസേനാ താവളങ്ങൾക്കു മീതെ പാക് വിമാനങ്ങൾ ആക്രമണം തുടങ്ങി. ആ ഒരൊറ്റ ദിവസം മനേക്ഷായ്ക്ക് തന്ത്രങ്ങളുടേതായിരുന്നു. അന്നു വൈകിട്ട് പാകിസ്ഥാനു നേരെ ഇന്ത്യൻ പ്രത്യാക്രമണം. യുദ്ധത്തിന്റെ നാലാം നാൾ, 1971 ഡിസംബർ ഒൻപതിന് പാക് സൈനികർക്കായി മനേക്ഷായുടെ റേഡിയോ സന്ദേശം: നിങ്ങളെ ഇന്ത്യൻ സേന വളഞ്ഞിരിക്കുന്നു. നിങ്ങളുടെ വ്യോമസേന തരിപ്പണമായിക്കഴിഞ്ഞു. ചിറ്റഗോങ്, ചൽന, മാംഗ്ള.... എല്ലാ തുറമഖങ്ങളും ഇന്ത്യൻ സേനയുടെ അധീനതയിലാണ്. നിങ്ങൾക്ക് സ്വന്തം വീടുകളിലേക്കു മടങ്ങി, കുഞ്ഞുങ്ങളെ കാണണ്ടേ? ആയുധംവച്ച് കീഴടങ്ങുക. സൈനികർക്കു ചേർന്ന മര്യാദ ഇന്ത്യയിൽ നിന്ന് നിങ്ങൾക്കു പ്രതീക്ഷിക്കാം!
മനേക്ഷായുടെ കടുപ്പത്തിനു മുന്നിൽ പാകിസ്ഥാൻ നാണംകെട്ട് കീഴടങ്ങുകയായിരുന്നു. പാക് സൈനിക വിഭാഗങ്ങളുടെ ഔദ്യോഗിക കീഴടങ്ങൽ വേളയിൽ അവിടേക്കും പുറപ്പെട്ട ഇന്ത്യൻ സൈനികരോട് മനേക്ഷാ പറഞ്ഞു: അവിടെ ഒരു ബീഗത്തെ (മുസ്ളിം സ്ത്രീ) കാണുമ്പോൾ നിങ്ങൾ കൈകൾ പോക്കറ്റിലാക്കി സൂക്ഷിക്കുക. എന്നിട്ടും കൈകൾ തരിക്കുന്നെങ്കിൽ, സാം എന്ന പേര് ഓർമ്മിക്കുക! സൈന്യത്തിലെ അച്ചടക്കം- സാമിന് നിർബന്ധമായിരുന്നു അത്.
ഫ്ളാഷ്ബാക്ക്. 1957. ബ്രിഗേഡിയർ ആയി സ്ഥാനക്കയറ്റം കിട്ടിയ മനേക്ഷായ്ക്ക് ലണ്ടനിലെ ഇംപീരിയൽ ഡിഫൻസ് കോളേജിൽ ഒരു വർഷത്തെ ഉന്നത പരിശീലനം. തിരികെ വന്ന് മേജർ ജനറൽ റാങ്കിൽ, 26-ാം ഇൻഫൻട്രി ഡിവിഷന്റെ കമാൻഡിംഗ് ജനറൽ ഓഫീസർ ആയി ചുമതലയേറ്റു. കെ.എസ്. തിമ്മയ്യ സൈനിക മേധാവി. പ്രതിരോധ മന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോൻ മനേക്ഷായോട് ചോദിച്ചു: താങ്കളുടെ ചീഫിനെക്കുറിച്ച് എന്താണ് അഭിപ്രായം?
മനേക്ഷായുടെ മറുപടിക്ക് മൂർച്ച കൂടുതലായിരുന്നു: മിസ്റ്റർ മിനിസ്റ്റർ, എന്റെ മേധാവിയെക്കുറിച്ച് ഞാൻ എന്നോടുതന്നെ അഭിപ്രായം ചോദിക്കുകയില്ല. കാരണം, അദ്ദേഹം എന്റെ ചീഫ് ആണ്.നാളെ എന്റെ ബ്രിഗേഡിയർമാരോടും കേണൽമാരോടും നിങ്ങൾ എന്നെക്കുറിച്ച് ഇതേ ചോദ്യം ചോദിക്കും. സൈന്യത്തിന്റെ അച്ചടക്കം നഷ്ടപ്പെടുത്താൻ ഈയൊരു ചോദ്യം മതി. മേലിൽ ആവർത്തിക്കരുത്! ആ താക്കീതിനു മുന്നിൽ കൃഷ്ണമേനോൻ എന്ന സൂര്യൻ അസ്തമിച്ചു!
സൈനിക സേവനം,
അച്ഛനോട് പ്രതികാരം
സൈനിക സേവനം ഹൃദയസ്പന്ദനമാക്കിയ സാം മനേക്ഷാ പക്ഷേ, ആഗ്രഹിച്ചെത്തിയ ഇടമായിരുന്നില്ല അത്. അച്ഛൻ ഹോർമിസ് മനേക്ഷായെപ്പോലെ ഡോക്ടർ ആകാനായിരുന്നു സാമിനും ആഗ്രഹം. പതിനേഴാം വയസിൽ, സീനിയർ കേംബ്രിഡ്ജ് സർട്ടിഫിക്കറ്റുമായി അച്ഛനു മുന്നിൽ ചെന്നുനിന്ന് സാം പറഞ്ഞു: മെഡിസിൻ പഠിക്കാൻ എനിക്ക് ലണ്ടനിൽ പോകണം! അച്ഛന്റെ മറുപടി പെട്ടെന്നയിരുന്നു: വേണ്ട! കാരണം നമ്പർ വൺ: നിനക്ക് വിദേശത്തു പഠിക്കാൻ പ്രായമായിട്ടില്ല. കാരണം നമ്പർ ടു: നിന്റെ ജ്യേഷ്ഠന്മാർ രണ്ടുപേർ ലണ്ടനിൽ എൻജിനിയറിംഗിനു പഠിക്കുന്നുണ്ട്. നിന്നെക്കൂടി വിദേശത്തയച്ച് പഠിപ്പിക്കാൻ തത്കാലം എനിക്കു ബുദ്ധിമുട്ടുണ്ട്. സാം മനേക്ഷാ അമൃത്സറിലെ ഹിന്ദു കോളേജിൽ സയൻസ് ബിരുദത്തിനു ചേർന്നു. ഫൈനൽ ഇയർ പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ പാസ്; വെറും മൂന്നാം ക്ളാസിൽ!
ഡിഗ്രിക്ക് ഉയർന്ന മാർക്ക് നേടാതെ അച്ഛനെ തോൽപ്പിക്കാനിറങ്ങിയ സാം, പ്രതികാരത്തിന് അതിനേക്കാൾ നല്ലൊരു വഴി പെട്ടെന്ന് കണ്ടുപിടിച്ചു!1931-ൽ തുടങ്ങിയ മിലിട്ടറി കോളേജ് കമ്മിറ്റി, ഇന്ത്യയിൽ മിലിട്ടറി അക്കാഡമി തുടങ്ങാൻ ശുപാർശ ചെയ്ത സമയം. മൂന്നു വർഷത്തെ ഓഫീസർ പരിശീലന കോഴ്സിലേക്ക് പബ്ളിക് സർവീസ് കമ്മിഷൻ വഴി തിരഞ്ഞെടുപ്പ്. തൊട്ടടുത്ത വർഷം പരീക്ഷ. കഠിന പരീക്ഷയിൽ സെലക്ഷൻ കിട്ടിയ പതിനഞ്ചു പേരിൽ ആറാം സ്ഥാനക്കാരന്റെ പേര് സാം മനേക്ഷാ എന്നായിരുന്നു! പരിശീലനകാലം കഴിഞ്ഞ് സെക്കൻഡ് ലഫ്റ്റനന്റ് ആയി നിയമനം. അവിടെ നിന്നാണ് സാം മനേക്ഷാ ചീഫ് ഒഫ് ആർമി സ്റ്റാഫ്
വരെയുള്ള പടവുകൾ ചവിട്ടി
ക്കയറിയത്.