
പുട്ട് കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ കുറവായിരിക്കും. നല്ല ചൂട് പുട്ട് കഴിക്കുന്നത് ഓർക്കുമ്പോൾ തന്നെ മിക്കവർക്കും വായിൽ വെള്ളമൂറും. പക്ഷേ പറയാൻ എളുപ്പമാണെങ്കിലും നല്ല പെർഫെക്‌ട് പുട്ട് ഉണ്ടാക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. കൃത്യമായ അളവിൽ വെള്ളവും മാവും ഒക്കെ എടുത്തില്ലെങ്കിൽ പുട്ടിന് ആവി കേറുകയുമില്ല വേവുകയുമില്ല.
പുട്ടിന് കുഴയ്ക്കുമ്പോൾ മാവിൽ കൃത്യമായ അളവിൽ വെള്ളം ചേർക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ ഇന്ന് കടകളിൽ ലഭിക്കുന്ന മാവുകളിൽ വ്യത്യസ്ത രീതിയിലാണ് വെള്ളം ചേർക്കേണ്ടതും കുഴയ്ക്കേണ്ടതും. ചിലത് ഒരേ അളവിൽ വെള്ളവും മാവും എടുത്തതിനുശേഷം 20 മിനിട്ട് മാറ്റി വച്ചതിനുശേഷമാണ് കുഴച്ചെടുത്ത് ആവികയറ്റേണ്ടത്.
എന്നാൽ ചിലതരം മാവിൽ ചെറുചൂടുവെള്ളം ചേർത്ത് അപ്പോൾതന്നെ കുഴച്ചെടുത്ത് ആവി കയറ്റിയെടുക്കാം. ചിലത് പച്ചവെള്ളമൊഴിച്ച് കുഴച്ചെടുത്ത് അപ്പോൾ തന്നെ ആവി കയറ്റി പുട്ട് ഉണ്ടാക്കാവുന്നതാണ്. എന്നാൽ പുട്ടിന് ചേർക്കുന്ന വെള്ളം കൃത്യമല്ലെങ്കിൽ ഏതുതരം മാവ് ആണെങ്കിലും പണി കിട്ടും. ഇനി ഇക്കാര്യത്തിലും ടെൻഷൻ വേണ്ട, വെള്ളം കൂടിപ്പോയാലും പരിഹാരമുണ്ട്.
ഒരു കപ്പ് മാവിന് ഒരു കപ്പ് വെള്ളം എന്നിങ്ങനെയാണ് ഇന്ന് വിപണിയിൽ കിട്ടുന്ന മിക്കവാറും മാവിന്റെയും അളവ്. എന്നാൽ ചിലതരം മാവിൽ ഇത്രയും വെള്ളം വേണ്ടിവരില്ല. വെള്ളം കൂടുതലായിപ്പോവുകയാണെങ്കിൽ ഒരു ചീനച്ചട്ടിയിൽ വെള്ളം ചേർത്ത് കുഴച്ച മാവെടുത്ത് വറുത്തെടുക്കണം. വെള്ളത്തിന്റെ അംശം കുറയുമ്പോൾ മാവ് പുട്ടുകുറ്റിയിലിട്ട് ആവിക്കയറ്റി എടുക്കാം. പിന്നീടിതിൽ വെള്ളം ചേർത്ത് കുഴക്കേണ്ടതില്ല. നല്ല സോഫ്റ്റായ പെർഫെക്‌ട് പുട്ട് തന്നെ ഇങ്ങനെ ഉണ്ടാക്കിയെടുക്കാം.