money

ചെറിയ കാലയളവുകൊണ്ട് വിജയകരമായി ചെയ്യാവുന്ന ഒന്നാണ് പയർ കൃഷി. ജൈവകൃഷിയിലൂടെ ഉൽപ്പാദിക്കുന്ന പയറുകൾക്ക് വിപണിയിൽ ആവശ്യക്കാരേറെയാണ്. പയറിലടങ്ങിയിരിക്കുന്ന പോഷകഗുണങ്ങൾ പറയാതെ തന്നെ എല്ലാവർക്കും അറിയാം. മട്ടുപാവിലുൾപ്പടെ അധികം മുതൽമുടക്കില്ലാതെ പയർ കൃഷി ചെയ്ത് ലാഭം കൊയ്യാൻ സാധിക്കുന്നതാണ്.പത്ത് സെന്റിൽ നിന്നും ദിവസം 5000രൂപയുടെ ലാഭം നേടാൻ പയർ കൃഷി എങ്ങനെ ചെയ്യണമെന്ന് നോക്കാം.

വിത്ത് മുളപ്പിക്കേണ്ട രീതി

ചിലർ പയർ വിത്ത് നടുന്നതിന് തൊട്ടുമുൻപുളള ദിവസം മുഴുവൻ വിത്ത് മുളയ്ക്കുന്നതിനായി വെളളത്തിലിട്ട് വയ്ക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് വിത്ത് ചീഞ്ഞ് പോകുന്നതിന് കാരണമാകും. പകരമായി ഒരു ഇടത്തരം വലിപ്പമുളള പ്ലാസ്​റ്റിക് കുപ്പി തിരശ്ചീനമായി കീറി മണ്ണ് നിറച്ചതിന് ശേഷം അതിൽ വിത്ത് നടുക. ശേഷം ചെറിയ അളവിൽ വെളളം സ്‌പ്രേ ചെയ്ത് കൊടുത്താൽ മതി.ഏഴ് ദിവസത്തിനുളളിൽ വിത്ത് മുളയ്ക്കും.

നിലമൊരുക്കൽ

എവിടെയാണോ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നത് അവിടെയുളള മണ്ണ് നന്നായി കിളച്ച് ഒരുക്കുക. മണ്ണിന്റെ അസിഡി​റ്റി മാ​റ്റുന്നതിന് ഡോളോമി​റ്റ് ചേർത്തുകൊടുക്കുന്നത് നല്ലതായിരിക്കും. ഇതിട്ട് ഏഴ് ദിവസം കഴിഞ്ഞതിന് ശേഷം മാത്രം പയർ തൈ നടുക. അടിവളമായി എല്ലുപൊടിയോ വേപ്പിൻ പിണ്ണാക്കോ ചേർക്കാവുന്നതാണ്. ഗ്രോ ബാഗിലാണ് കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ വളങ്ങൾ കലർത്തിയ മണ്ണ് ഇവയിൽ നിറച്ച് കൊടുത്താൽ മതി. അടിവളമായി കോഴിക്കാഷ്ടം ചേർക്കുന്നത് വിളവ് ഇരട്ടിക്കും.ഇതിൽ നൈട്രജൻ, ഫോസ്‌ഫറസ്,പൊട്ടാസ്യം മുതലായ ധാതുക്കൾ അടങ്ങിയിട്ടുണ്ട്.

cowpeacowpe

മുളപ്പിക്കാൻ മാ​റ്റി വച്ചിരിക്കുന്ന വിത്തിൽ എട്ട് ദിവസങ്ങൾക്കകം മുളവരും. ഇവ പ്ലാസ്​റ്റിക് കുപ്പിയിൽ നിന്നും വേർപെടുത്തി നടേണ്ടതുണ്ട്. അതിനായി പ്ലാസ്​റ്റിക് കുപ്പിയിലുളള ചെടികൾക്ക് നന്നായി വെളളം സ്‌പ്രേ ചെയ്തതിന് ശേഷം മാത്രം വേർപെടുത്തിയെടുക്കുക. ഇല്ലെങ്കിൽ പയർ ചെടിയുടെ വേര് പൂർണമായി കുപ്പിയിൽ നീക്കം ചെയ്യാൻ സാധിക്കില്ല. വൈകുന്നേരങ്ങളിൽ തൈകൾ മാ​റ്റി നടുന്നതാണ് നല്ലത്.

ചെടികളുടെ വളളികൾക്ക് വളരുന്നതിനാവശ്യമായ താങ്ങ് നൽകുന്നതിന് പന്തലൊരുക്കുക. രണ്ടാഴ്ച കഴിയുമ്പോൾ പയർ ചെടിക്ക് ആവശ്യമായ വളപ്രയോഗം നടത്തണം. അതിനായി ചാണകപൊടി ചേർക്കുന്നത് ഉത്തമമായിരിക്കും.

മുഞ്ഞയെ തുരത്താൻ

പയർ കൃഷി ചെയ്യുമ്പോൾ പ്രധാനപ്പെട്ട ഒരു വില്ലനാണ് മുഞ്ഞ. ജൈവികമായി മുഞ്ഞയെ എങ്ങനെ തടയാമെന്ന് നോക്കാം. ഇറച്ചിയോ മീനോ കഴുകിയ വെളളം കുപ്പിയിൽ നിറച്ച് മുഞ്ഞ ബാധിച്ച ഇലകളിൽ സ്‌പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്. അങ്ങനെയുളള ഇലകളിൽ ഉറുമ്പ് കൂടുകൂട്ടുകയും മുഞ്ഞയെ തുരത്തുകയും ചെയ്യും. പയർ ചെടികളിൽ പൂവുകൾ വരുന്ന സമയത്ത് കോഴിക്കാഷ്ടം നന്നായി വെളളത്തിൽ ലയിപ്പിച്ച് ചെടികളുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ആരോഗ്യമുളള കായകൾ ലഭിക്കാൻ സഹായിക്കും. വളപ്രയോഗവും നനയും കൃത്യമാണെങ്കിൽ 45 ദിവസത്തിനുളളിൽ വിളവെടുക്കാൻ സാധിക്കുന്നതാണ്.