
ഹൈദരാബാദ്: പരിശീലനപ്പറക്കലിനിടെ വ്യോമസേനാവിമാനം തകർന്നുവീണ് ട്രെയിനി കേഡറ്റും പൈലറ്റും മരണമടഞ്ഞു. തെലങ്കാന മേദക് ജില്ലയിലെ റാവേല്ലിയിൽ ഇന്നലെ രാവിലെ ഒൻപതോടെയാണ് അപകടം. പൈലറ്റുമാരുടെ കൂടുതൽ വിവരം വ്യോമസേന പുറത്തുവിട്ടിട്ടില്ല.
പിലാറ്റസ് പി.സി എം.കെ II ചെറുവിമാനമാണ് മോശം കാലാവസ്ഥ കാരണം അപകടത്തിൽപ്പെട്ടത്. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. വിമാനവും കത്തിയമർന്നു. പതിവ് പരിശീലനത്തിന് ഹൈദരാബാദിലെ എയർഫോഴ്സ് അക്കാഡമിയിൽ നിന്ന് പറന്നുയർന്നതാണ്. കൺട്രോൾ റൂമുമായി ബന്ധം നഷ്ടപ്പെട്ട വിമാനം ഗ്രാമപ്രദേശത്ത് തകർന്നു വീഴുകയായിരുന്നു. ഗ്രാമീണർക്ക് അപകടം പറ്റിയതായി വിവരമില്ല.
അപകടകാരണത്തെപ്പറ്റി വ്യോമസേന അന്വേഷണം ആരംഭിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഗാധ ദുഃഖം രേഖപ്പെടുത്തി.
പിലാറ്റസ് പി.സി 7
സ്വിറ്റ്സർലൻഡിൽ നിന്ന് 2012ൽ ഇന്ത്യ വാങ്ങിയ പിലാറ്റസ് പി.സി 7ന്റെ ആദ്യ അപകടമാണ്
75 പരിശീലന വമാനങ്ങളാണ് 2015നിടെ വാങ്ങിയത്. 38 എണ്ണം കൂടി വാങ്ങാനുള്ള കരാർ പിന്നീട് റദ്ദാക്കി
ഈ വിമാനക്കമ്പനിയെ അഴിമതിയാരോപണത്തിൽ സ്വിസ് സർക്കാർ ബ്ളാക്ക്ലിസ്റ്റ് ചെയ്തതാണ് കാരണം
പകരം എച്ച്.എ.എല്ലിൽ നിന്ന് 70 എച്ച്.ടി.ടി-40 പരിശീലന വിമാനം വാങ്ങാൻ ഇക്കൊല്ലം കരാറായി