p

ഇംഫാൽ: മണിപ്പൂർ തെങ്നൗപൽ ജില്ലയിലെ ലെയ്ത്തുവിൽ ഇരു ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 13 പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗക്കാരാണ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നു.

മെയ്തി വിഭാഗം പാർക്കുന്ന മ്യാൻമറിന്റെ അതിർത്തി പ്രദേശമാണിത്. അതേസമയം, കുക്കി വിഭാഗത്തിന് മ്യാൻമറിലെ ഗോത്രവർഗ്ഗങ്ങൾ ആയുധ പരിശീലനമുൾപ്പെടെ നൽകുന്നുണ്ട്. പരിശീലനം നേടി മ്യാൻമർ കടന്നെത്തിയവരെ ഗ്രാമീണരായ മറ്റൊരു സംഘം ആക്രമിച്ചതാകാമെന്നാണ് നിഗമനം. കൊല്ലപ്പെട്ടവർ ലെയ്ത്തു ഗ്രാമത്തിലുള്ളവരല്ല. ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടില്ല. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

മെയ്തി വിഭാഗത്തിന്റെ സായുധ സംഘമായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫോഴ്സുമായി (യു.എൻ.എൽ.എഫ്) കേന്ദ്ര സർക്കാർ കഴിഞ്ഞയാഴ്ച സമാധാനക്കരാർ ഒപ്പിട്ടിരുന്നു. കഴിഞ്ഞ മേയിൽ തുടങ്ങിയ കുക്കി- മെയ്തി ആക്രമണങ്ങളിൽ ഇരു വിഭാഗത്തുമായി ഇരുന്നൂറോളം പേരാണ് ഇതിനകം കൊല്ലപ്പെട്ടത്.