cricket

മെൽബൺ: ഓസ്ട്രേലിയൻ ക്രിക്കറ്റ് ചീഫ് സെലക്ടർ ജോർജ് ബെയ്‌ലിയുമായുള്ള തന്റെ ശത്രുത തീർക്കാൻ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഡേവിഡ് വാർണറെ ഉൾപ്പെടുത്തിയതിനെ വിവാദമാക്കി മുൻ ഒാസീസ് പേസർ മിച്ചൽ ജോൺസൺ. പന്തുചുരണ്ടൽ വിവാദത്തിൽപ്പെട്ട് വിലക്കിലായിരുന്ന വാർണർക്ക് വിരമിക്കൽ ടെസ്റ്റിനുള്ള അവസരം നൽകിയ ബെയ്‌ലിയുടെ നടപടിയെ ശക്തമായ ഭാഷയിലാണ് ജോൺസൺ വിമർശിച്ചത്. ഇതോടെ തന്റെ തീരുമാനം ന്യായീകരിച്ച് ബെയ്‌ലി മറുപടിയുമായെത്തി. വാർണർക്ക് നിലവിലെ താരങ്ങളും മുൻ താരങ്ങളും പിന്തുണയുമായി എത്തിയതോടെ ഓസ്ട്രേലിയൻ ക്രിക്കറ്റ് രംഗമാണ് കലുഷിതമായത്.

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ അവസാന മത്സരം കളിച്ച് തന്റെ ടെസ്റ്റ് കരിയർ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് 37-കാരനായ വാർണർ നേരത്തേ പറഞ്ഞിരുന്നു. ഇതോടെ ജനുവരി മൂന്നിന് പാകിസ്ഥാനെതിരെ സിഡ്‌നിയിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് വാർണറുടെ വിരമിക്കൽ മത്സരമായിരിക്കുമെന്ന റിപ്പോർട്ടുകളും വന്നു. തുടർന്നായിരുന്നു ജോൺസന്റെ ആക്രമണം.ഓസ്ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നിലെ പ്രധാനിക്ക് എന്തിന് ഹീറോയുടെ പരിവേഷത്തോടെ യാത്രയപ്പ് നൽകണം.' - എന്നാണ് ജോൺസൻ ചോദിച്ചത്. 2018ലെ കേപ്ടൗൺ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പന്തിൽ സാൻഡ്പേപ്പർ ഉപയോഗിച്ച് ചുരുണ്ടിയതിന് ഡേവിഡ് വാർണർ,സ്റ്റീവൻ സ്മിത്ത്, കാമറോൺ ബാൻക്രോഫ്റ്റ് എന്നിവർ വിലക്ക് അനുഭവിച്ചിരുന്നു. ഈ കാര്യമാണ് ജോൺസൺ ചൂണ്ടിക്കാട്ടിയത്.

ജോൺസന്റെ വിമർശനത്തെ പാടേ തള്ളിയാണ് ജോർജ് ബെയ്‌ലി പ്രതികരിച്ചത്. തങ്ങളുടെ ഏറ്റവും മികച്ച 11 കളിക്കാരിൽ വാർണർ ഉണ്ടെന്ന് ബെയ്‌ലി ചൂണ്ടിക്കാട്ടി. ടീമിന് വിജയം നൽകാൻ കഴിയുന്ന 11 പേരെ തിരഞ്ഞെടുക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധിക്കുന്നത്. ഓരോ വ്യക്തിക്കും അതിൽ റോളുണ്ട്. വാർണറാണ് ശരിയായ വ്യക്തിയെന്ന് ഞങ്ങൾ കരുതുന്നുവെന്നും ബെയ്‌ലി പറഞ്ഞു.