
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ 3-3ന് സമനിലയിൽ തളച്ച് ടോട്ടൻഹാം. കഴിഞ്ഞരാത്രി സിറ്റിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരുപകുതികളിലുമായി അരഡസൻ ഗോളുകളാണ് പിറന്നത്. ആറാം മിനിട്ടിൽ സൺ ഹ്യൂം മിന്നിന്റെ ഗോളിലൂടെ ടോട്ടൻഹാമാണ് ആദ്യം ലീഡ് ചെയ്‌തത്. എന്നാൽ ഒൻപതാം മിനിട്ടിൽ മിന്നിലൂടെത്തന്നെ സിറ്റി സമനില പിടിച്ചു. മിന്നിന്റെ സെൽഫ് ഗോളാണ് സിറ്റിക്ക് സമനില നൽകിയത്.31-ാം മിനിട്ടിൽ ഫിൽ ഫോഡൻ സിറ്റിക്ക് ലീഡ് നൽകി. 69-ാം മിനിട്ടിൽ ജിയോവാനി ലോ സെൻസോയിലൂടെ ടോട്ടൻഹാം വീണ്ടും സമനിലയിലെത്തി. 81-ാം മിനിട്ടിൽ ജാക്ക് ഗ്രീലിഷിലൂടെ സിറ്റി പിന്നെയും മുന്നിലെത്തുകയും 90-ാം മിനിട്ടിൽ ദെയാൻ കുലുസെവിക്കിയിലൂടെ ടോട്ടൻഹാം വീണ്ടും സമനില പിടിക്കുകയും ചെയ്തു.
14 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ ഫുൾഹാമിനെ മൂന്നിനെതിരെ നാലുഗോളുകൾക്ക് തോൽപ്പിച്ച് ലിവർപൂൾ സിറ്റിയെ മറികടന്ന് രണ്ടാമതേക്ക് എത്തി. 20-ാം മിനിട്ടിൽ ബ്രെൻഡ് ലെനോയുടെ സെൽഫ് ഗോളിലൂടെ ലിവർപൂൾ മുന്നിലെത്തിയിരുന്നു.24-ാം മിനിട്ടിൽ ഹാരി വിൽസണിലൂടെ ഫുൾഹാം സ്കോർ 1-1ലെത്തിച്ചു. 38-ാം മിനിട്ടിൽ മക് അലിസ്റ്റർ ലിവറിന് ലീഡ് നൽകിയപ്പോൾ ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ കെന്നി ടെറ്റെ കളി വീണ്ടും സമനിലയിലാക്കി. 80-ാം മിനിട്ടിൽ കൊർഡോവ റെയ്ഡിലൂടെ ഫുൾഹാം ആദ്യമായി ലീഡ് നേടിയെങ്കിലും 87-ാം മിനിട്ടിൽ വത്താരു എൻഡോ കളി പിന്നെയും തുല്യതയിലാക്കുകയും തൊട്ടടുത്തമിനിട്ടിൽ അലക്സാണ്ടർ അർനോൾഡ് ലിവർപൂലിന്റെ വിജയഗോളടിക്കുകയും ചെയ്തു.
33 പോയിന്റുമായി ആഴ്സനലാണ് പ്രിമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത്. 27 പോയിന്റുള്ള ടോട്ടൻഹാം അഞ്ചാം സ്ഥാനത്ത്.