
കൊച്ചി: ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ അമ്മയ്ക്കും ലിവിംഗ് ടുഗദർ പങ്കാളിയ്ക്കും പങ്കുണ്ടെന്ന നിഗമനത്തിൽ പൊലീസ്. കൊലപാതകത്തിന് ശേഷം മരണം ഉറപ്പാക്കാൻ പ്രതി ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചു നോക്കിയെന്നാണ് പുറത്തുവരുന്ന വിവരം.
കുഞ്ഞിന്റെ അമ്മ അശ്വതിയ്ക്കും കൃത്യത്തിൽ പങ്കുണ്ടെന്നാണ് സൂചന. ഇവരെ വിശദമായി ചോദ്യം ചെയ്യും. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നാണ് അശ്വതി പൊലീസിന് നൽകിയ മൊഴി. താൻ ഉറങ്ങുകയായിരുന്നുവെന്നും കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് അശ്വതി പറഞ്ഞത്. എന്നാൽ ഇത് പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല.
എറണാകുളം കറുകപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികൾ ഞായറാഴ്ച രാവിലെ എട്ടരയോടെ അബോധാവസ്ഥയിലായ ആൺകുഞ്ഞുമായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തുകയായിരുന്നു. അനക്കമില്ലാതെ കണ്ടപ്പോൾ ആശുപത്രിയിൽ എത്തിച്ചതാണെന്നും തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതാകാമെന്നുമാണ് ആദ്യം പറഞ്ഞത്. കുഞ്ഞിനെ ന്യൂ ബോൺ ഐ.സി.യുവിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക പരിശോധനയിൽ തിരിച്ചറിഞ്ഞതോടെയാണ് പങ്കാളികളെ കസ്റ്റഡിയിലെടുത്തത്. കൂടാതെ കുട്ടിയുടെ ശരീരത്തിൽ അസ്വാഭാവികമായ പാടുകളും കണ്ടെത്തിയിരുന്നു. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.