anupama-padman-

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റിലായ അനുപമ സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമുള്ള ആളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനാണ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. നന്നായി ഇംഗ്ളീഷ് കൈകാര്യം ചെയ്യും. ഹോളിവുഡ് താരങ്ങളെ അടക്കം അനുകരിക്കുന്ന അനുപമയുടെ വീഡിയോകളും ഇൻസ്റ്റഗ്രാം റീലുകളും വൈറലായിരുന്നു. 3.8 മുതൽ 5 ലക്ഷം വരെ വരുമാനം അനുപമയ്ക്ക് ലഭിച്ചിരുന്നെന്നാണ് എഡിജിപി എംആർ.അജിത്ത് കുമാർ പറഞ്ഞത്.

എന്നാൽ അനുപമ അറസ്റ്റിലായി മൂന്ന് ദിവസം പിന്നിടുമ്പോൾ യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രൈബർമാരുടെ എണ്ണം കൂടുകയാണ്. അറസ്റ്റ് ചെയ്യുമ്പോൾ 4.98 ലക്ഷം സബ്സ്‌ക്രൈബർമാരാണുള്ളത്. എന്നാൽ ഇന്ന് 5.25 ലക്ഷമായി സബ്സ്‌ക്രൈബർമാരുടെ എണ്ണം ഉയർന്നു. ദിവസങ്ങൾക്കുള്ളിൽ കാൽ ലക്ഷത്തിൽ കൂടുതൽ പേർ അനുപമയെ ഫോളോ ചെയ്‌തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അനുപമ പങ്കുവച്ച മിക്ക വീഡിയോകളുടെ വ്യൂസും ദിവസേന കൂടുന്നുണ്ട്. പലരും വീഡിയോയ്ക്ക് താഴെ കമന്റുകളും പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടെ, ചാനൽ സബ്സ്‌ക്രൈബർമാരുടെ എണ്ണം കൂടുന്നതിൽ ചിലർ അമർഷവും രേഖപ്പെടുത്തുന്നുണ്ട്. നേരത്തെ 4.98 ലക്ഷമായിരുന്നു. ഇപ്പൊ 5.25 ലക്ഷമായി. എല്ലാരും ഒന്ന് ശ്രമിച്ചാൽ 1 മില്യൺ അടിക്കാം. ജയിലിന്ന് ഇറങ്ങുമ്പോൾ അനുപമ റിച്ചാകും'- ഒരാൾ കമന്റായി കുറിച്ചു.

കഴിഞ്ഞ ജൂലായിൽ പകർപ്പവകാശ ലംഘനം നടത്തിയെന്നപേരിൽ അനുപമയ്ക്ക് യുട്യൂബ് പ്രതിഫലം തടഞ്ഞിരുന്നു. .വരുമാനം നിലച്ചതോടെ മാതാപിതാക്കൾ തയ്യാറാക്കിയ തട്ടിക്കൊണ്ടുപോകൽ പദ്ധതിയിൽ അനുപമ പങ്കാളിയായത്. ഇൻസ്റ്റാഗ്രാമിലും നിരവധി പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. വീഡിയോകളെല്ലാം ഇംഗ്ലീഷിലാണ് ചെയ്തിരുന്നത്.. ബിഎസ്സി കമ്പ്യൂട്ടർ സയൻസിന് ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. എൽഎൽബി ചെയ്യണമെന്നായിരുന്നു ആഗ്രഹം. അതിനിടയിലാണ് യുട്യൂബ് ചാനൽ ക്ളിക്കായത്.

381 വീഡിയോകളാണ് അക്കൗണ്ടിലുള്ളത്. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരുമാസം മുമ്പാണ്. അനാഥ നായ്ക്കളെ ഏറ്റെടുക്കുന്ന ശീലവും അനുപമയ്ക്കുണ്ടായിരുന്നു. 15 നായകളാണ് വീട്ടിലുണ്ടായിരുന്നത്. തെരുവ് നായകൾക്ക് അഭയകേന്ദ്രം തുടങ്ങാൻ സഹായം അഭ്യർത്ഥിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ വീഡിയോയും പങ്കുവച്ചിരുന്നു.