
കെ പോപ്പ്, കെ ഡ്രാമ എന്നീ പേരുകൾ കേൾക്കാത്തവർ ചുരുക്കമാണ്. കേരളത്തിൽ പോലും ഇവയ്‌ക്ക് ആരാധകരേറെയാണ്. അതിനാൽ തന്നെ കൊറിയയെ പറ്റി ഒരു ചിത്രം ഏവരുടെയും മനസിലുണ്ടാകും. കിം കുടുംബത്തിന്റെ അധീനതയിലുള്ള നോർത്ത് (ഉത്തര) കൊറിയയെ പറ്റിയും നിങ്ങൾ കേട്ടിട്ടുണ്ടാകും. മറ്റ് രാജ്യങ്ങളിലെ ഭരണ രീതിയിൽ നിന്നും തികച്ചും വ്യത്യസ്തവും കർക്കശവുമാണ് ഇവിടുത്തെ രീതികൾ. നിങ്ങൾ കേട്ടതൊന്നുമല്ല, അതിനുമപ്പുറം കഠിനമായ നിയമങ്ങളാണ് ഉത്തര കൊറിയയിലുള്ളത്. ഭീകരമായ ഈ നിയമങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

1. സിനിമ കണ്ടാൽ തല വെട്ടും
ഉത്തര കൊറിയയിലുള്ളവർ വിദേശ സിനിമകൾ കാണുകയോ വിദേശ സംഗീതം കേൾക്കുകയോ ചെയ്യാൻ പാടില്ല. ഇങ്ങനെ ചെയ്യുന്നവരെ ജയിലിൽ അടയ്‌ക്കും. 2015ൽ ഉത്തരകൊറിയയുടെ ഏകാധിപതി കിം ജോംഗ് ഉൻ, നിരോധിച്ച പാട്ടുകളുള്ള എല്ലാ കാസറ്റ് ടേപ്പുകളും സിഡികളും നശിപ്പിക്കാൻ ഉത്തരവിട്ടു. വിദേശ ചിത്രങ്ങളോ അശ്ലീല ചിത്രങ്ങളോ കാണുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നവരെ വധശിക്ഷയ്‌ക്ക് വിധേയമാക്കുമെന്നും വിധിച്ചു. അവിടെ മൂന്ന് ടിവി ചാനലുകളുണ്ട്. അതിന്റെയെല്ലാം ഉള്ളടക്കം നിയന്ത്രിക്കുന്നത് സർക്കാരാണ്.

2. ഫോൺ വിളിച്ചാൽ വെടിവച്ച് കൊല്ലും
ഉത്തര കൊറിയൻ പൗരന്മാർക്ക് അന്താരാഷ്ട്ര കോളുകൾ വിളിക്കാൻ കഴിയില്ല. ഇതൊരു വലിയ കുറ്റകൃത്യമായിട്ടാണ് അവിടെ കണക്കാക്കുന്നത്. 2007ൽ ഒരു ഫാക്ടറിയുടെ താഴത്തെ നിലയിൽ സ്ഥാപിച്ച 13 ഫോണുകൾ ഉപയോഗിച്ച് അന്താരാഷ്ട്ര കോളുകൾ വിളിച്ചതിന് ഫാക്ടറി മേധാവിയെ 1,50,000 ആളുകളുടെ മുന്നിൽ വച്ച് വെടിവച്ച് കൊന്നു.

3. മൂന്ന് തലമുറ ജയിലിൽ കിടക്കണം
ഉത്തരകൊറിയയിൽ ആരെങ്കിലും കുറ്റം ചെയ്താൽ മൂന്ന് തലമുറ ശിക്ഷ അനുഭവിക്കേണ്ടി വരും. കുറ്റം ചെയ്യുന്ന ആളുടെ മാതാപിതാക്കളും മുത്തശ്ശിയും മുത്തച്ഛനും ഉൾപ്പെടെ ശിക്ഷിക്കപ്പെടും. കുറ്റവാളികൾ ജയിലിൽ നിന്ന് രക്ഷപ്പെടുന്നത് തടയാനാണ് ഈ ഭയാനകമായ നിയമം സൃഷ്ടിച്ചത്.

4. ഹെയർസ്റ്റൈൽ ഏത് വേണമെന്ന് സർക്കാർ പറയും
എല്ലാ പുരുഷന്മാർക്കും സ്ത്രീകൾക്കും സർക്കാർ അംഗീകരിച്ച 28 രീതിയിലുള്ള ഹെയർസ്റ്റൈലുകൾ മാത്രമേ ചെയ്യാൻ പാടുള്ളൂ. സ്ത്രീകൾക്കും 18ഉം പുരുഷന്മാർക്ക് 10ഉം ഹെയർസ്റ്റൈലുകളാണ് അനുവദിച്ചിട്ടുള്ളത്. 2013ൽ കിം ജോംഗ് ഉൻ ആണ് ഈ നിയമം കൊണ്ടുവന്നത്. എന്നാൽ, തന്റെ ഹെയർസ്റ്റൈൽ ഇതിൽ അദ്ദേഹം ഉൾപ്പെടുത്തിയില്ല. കിം ജോംഗ് ഉന്നിനെ പോലെ മറ്റാരും വേണ്ട, ഈ ഹെയർസ്റ്റൈൽ അനുകരിക്കാൻ ആരും ധൈര്യം കാണിക്കരുത് എന്നൊക്കെയാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. മാത്രമല്ല, വിവാഹിതരായ സ്ത്രീകൾ അവിവാഹിതരായ സ്ത്രീകളെക്കാൾ നീളം കുറച്ച് മുടി വെട്ടണമെന്നും നിയമമുണ്ട്.

5. മേശയ്‌ക്കും കസേരയ്‌ക്കും വരെ ഫീസ്
സ്കൂളിൽ ഇരുന്ന് പഠിക്കണമെങ്കിൽ മേശകൾക്കും കസേരകൾക്കുമുള്ള പണം വിദ്യാർത്ഥികൾ നൽകണം. സ്കൂൾ ഫീസിന് പുറമെയാണ് ഈ തുക നൽകേണ്ടത്.

6. ഐഫോൺ ഉപയോഗിക്കരുത്
ആപ്പിളിന്റെ ഫോൺ, ടിവി, ലാപ്‌ടോപ്പുകൾ തുടങ്ങിയവ ഉത്തര കൊറിയയിലുള്ളവർ ഉപയോഗിക്കാൻ പാടില്ല.

7. ലോകവുമായി ബന്ധമില്ലാത്ത കലണ്ടർ
ഉത്തര കൊറിയയിലെ ജനങ്ങൾക്ക് വേണ്ടി മാത്രമായാണ് അവിടത്തെ കലണ്ടർ ഉണ്ടാക്കിയിരിക്കുന്നത്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി ഇതിന് ബന്ധമില്ല. അവരുടെ പ്രിയ വിപ്ലവ നേതാവ് കിം ഇൽ സുംഗിന്റെ ജന്മദിനമായ 1912 ഏപ്രിൽ 15 മുതലാണ് ഉത്തര കൊറിയയിലെ കലണ്ടർ ആരംഭിക്കുന്നത്

8. വോട്ടിടണം പക്ഷേ സ്ഥാനാർത്ഥി ഒരാൾ മാത്രം
ഉത്തര കൊറിയയിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ 17 വയസിന് മുകളിലുള്ള എല്ലാ പൗരന്മാരും തിരഞ്ഞെടുപ്പിൽ നിർബന്ധമായും വോട്ട് ചെയ്യണം. പക്ഷേ ആർക്ക് വോട്ട് ചെയ്യണം എന്നതിന് ഒരു ഓപ്ഷൻ മാത്രമേയുള്ളു. അതിനാൽ തന്നെ എല്ലാവരുടെയും വോട്ട് ഏകാതിപതിക്ക് തന്നെ ലഭിക്കും.

9. എല്ലാ രാത്രിയും പവർ കട്ട്
ഉത്തര കൊറിയയിലെ ഊർജ പ്രതിസന്ധി കാരണം എന്നും രാത്രി പവർ കട്ടുണ്ട്. വൈദ്യുതി ഉപയോഗിക്കുന്നതിന് പോലും അനുമതി ആവശ്യമാണ്. സ്വന്തമായി മൈക്രോ വേവുള്ളത് നിയമവിരുദ്ധമാണ്.

10. വിനോദസഞ്ചാരികൾ
രാജ്യത്തേക്കുള്ള വിനോദസഞ്ചാരത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അനുമതി നൽകിയിട്ടുള്ള ട്രാവൽ ഏജൻസികൾക്ക് മാത്രമേ അവിടേയ്‌ക്ക് സഞ്ചാരികളെ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ഇവരുടെ യാത്രയിലുടനീളം കൊറിയൻ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കും. ഓരോ വിനോദ സഞ്ചാരിയും യാത്രയിലുടനീളം ഒരു ഗൈഡിനെ നിയോഗിച്ചിട്ടുണ്ട്. സംഘത്തിൽ നിന്ന് പുറത്ത് പോവുകയോ നാട്ടുകാരുമായി സംസാരിക്കുകയോ ചെയ്യുന്നവർ അറസ്റ്റിലാകും. മാത്രമല്ല, ചില റൂട്ടുകളിലൂടെ മാത്രമേ വിനോദസഞ്ചാരികളെ കൊണ്ടുപോകാൻ കഴിയുകയുള്ളൂ.