
ജീവിതത്തിൽ ഒരാളോടെങ്കിലും ക്രഷ് തോന്നാത്തവർ കുറവായിരിക്കും. പഠനകാലത്തോ ജോലി ചെയ്യുന്നിടത്തോ ഒരു പ്രത്യേക വ്യക്തിയോട് ഇഷ്ടം തോന്നുക പലരും അനുഭവിച്ചിട്ടുള്ള കാര്യമായിരിക്കും. എന്നാൽ ഇഷ്ടം തോന്നുന്നയാൾ തിരിച്ചും ഇഷ്ടം പ്രകടിപ്പിച്ച് തുടങ്ങുമ്പോൾ പെട്ടെന്ന് പ്രണയം ഇല്ലാതെയാകുന്ന അവസ്ഥ അനുഭവിച്ചിട്ടുണ്ടോ? ഉണ്ടെന്ന് ചിലരെങ്കിലും പറയും. ഈ അവസ്ഥയെ ഫ്രോഗ്-ഐസേഷൻ എന്നാണ് വിളിക്കുന്നത്.
എന്തുകൊണ്ട് ഫ്രോഗ്-ഐസേഷൻ ഉണ്ടാകുന്നു?
നമുക്ക് ക്രഷ് തോന്നുന്നയാൾ പതിയെ തവളയെപ്പോലെ അതൃപ്‌തിയുളവാക്കുന്ന രീതിയിൽ ആവുകയും അയാളോട് ഒരിക്കൽ തോന്നിയ സ്‌പാർക്ക് ഇല്ലാതാവുകയും ചെയ്യുന്നതുകൊണ്ടാണ് ഈ അവസ്ഥയെ ഫ്രോഗ്- ഐസേഷൻ എന്ന് വിളിക്കുന്നത്. യാഥാർത്ഥ്യത്തിന് വിരുദ്ധമായി ഇഷ്ടം തോന്നുന്നയാളെക്കുറിച്ച് ഒരു മായാലോകം സൃഷ്ടിക്കുന്നതാണ് ഫ്രോഗ്- ഐസേഷന് ഒരു പ്രധാന കാരണം.
മറുവശത്തുള്ളയാളും തിരിച്ച് സ്‌നേഹം പ്രകടിപ്പിച്ച് തുടങ്ങുമ്പോൾ യാഥാർത്ഥ്യമോധം ഉണ്ടാവുകയും വിചാരിച്ചതുപോലെയല്ല കാര്യങ്ങളെന്ന് തിരിച്ചറിവുണ്ടാവുകയും ചെയ്യുന്നു. ഈ സമയത്താണ് മറ്റുള്ളവരുടെ കുറവുകളും കുറ്റങ്ങളും ശരിക്കും കണ്ണിൽപ്പെടുന്നത്. ഇത് പതിയെ നിരാശയിലേയ്ക്ക് നയിക്കുകയും താത്‌പര്യം നഷ്ടപ്പെടുന്നതിന് കാരണമാവുകയും ചെയ്യും.
ഫ്രോഗ്- ഐസേഷന് മറ്റൊരു കാരണം അടുക്കാനുള്ള ഭയമാണ്. ക്രഷ് തോന്നിയയാൾ തിരിച്ചും സ്‌നേഹം പ്രകടിപ്പിക്കുമ്പോൾ നിങ്ങളുടെ യഥാർത്ഥ സ്വഭാവവും കുറ്റവും കുറവുകളുമെല്ലാം പുറത്ത് വരുമോയെന്നുള്ള ഭയവും താത്‌പര്യം നഷ്ടമാകാനുള്ള കാരണമാകാറുണ്ട്. ഇത് ഉത്‌കണ്ഠ, അരക്ഷിതാവസ്ഥ എന്നിവയ്ക്കും കാരണമാകും. ഇത്തരം ഭയങ്ങൾ ഒഴിവാക്കാൻ തനിക്ക് ക്രഷിനോട് പ്രണയമില്ലായെന്ന് സ്വയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു.
ശരീരത്തിനുള്ളിൽ നടക്കുന്ന ജൈവീക മാറ്റങ്ങളും ഫ്രോഗ്- ഐസേഷന് കാരണമാകാറുണ്ട്. ഒരാളോട് പ്രണയം തോന്നുമ്പോൾ തലച്ചോർ ഡോപ്പമൈൻ, ഓക്‌സിടോസിൻ പോലുള്ള രാസവസ്‌തുക്കൾ പുറത്തുവിടും. ഇത് സന്തോഷം, ആവേശം, ആകർഷണം എന്നിവ അനുഭവപ്പെടുന്നതിന് കാരണമാകും. എന്നാൽ ക്രഷ് തിരിച്ചും പ്രണയം പ്രകടിപ്പിക്കുമ്പോൾ തലച്ചോർ ഡോപ്പമൈൻ, ഓക്‌സിടോസിൻ പോലുള്ള രാസവസ്‌തുക്കൾ പുറത്തുവിടുന്നത് കുറയ്ക്കുകയും നിങ്ങളെ ശാന്തമാക്കാനും തൃപ്‌തരാക്കാനും സഹായിക്കുന്ന സെറോടോണിൻ കൂടുതലായി പുറത്തുവിടുകയും ചെയ്യുന്നു. ഇത് താത്‌പര്യം കുറയാനും നിങ്ങൾക്ക് ബോറടി തോന്നാൻ ഇടയാക്കുകയും ചെയ്യും.
ഫ്രോഗ്-ഐസേഷൻ എങ്ങനെ തടയാം?
പ്രണയത്തിലാവുമ്പോൾ ആത്മപരിശോധന നടത്തേണ്ടത് അനിവാര്യമാണ്. എന്തുകൊണ്ടാണ് ഒരാളോട് ക്രഷ് തോന്നിയതെന്ന് ചിന്തിക്കുക. എന്തൊക്ക മൂല്യങ്ങളാണ് അയാളിൽ കണ്ടതെന്ന് മനസിലാക്കുക. ഒരു ബന്ധത്തിൽ നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത്, പ്രതീക്ഷിക്കുന്നത് എന്നത് തിരിച്ചറിയുക. സ്വയം സത്യസന്ധരും യാഥാർത്ഥ്യബോധമുള്ളതുമായിരിക്കാൻ ശ്രമിക്കുക.
ഭാവനനകൾ മാറ്റിവയ്ക്കുക. ആശയവിനിമയം നടത്തുകയും അവരുമായി ഇടപഴകുകയും വേണം. ഒരു വ്യക്തിയെന്ന നിലയിൽ അവരെ നന്നായി അറിയാൻ ശ്രമിക്കുക. അവരെ ശ്രദ്ധിക്കുകയും നിങ്ങളുടെ ചിന്തകളും വികാരങ്ങളും അവരോട് പ്രകടിപ്പിക്കുകയും ചെയ്യുക. അവരുടെ വിശ്വാസവും ആദരവും നേടാൻ ശ്രമിക്കുക. ധാരാളം സമയം ചെലവിട്ട് ചെറിയ കാര്യങ്ങൾ പോലും മനസിലാക്കാൻ ശ്രമിക്കുക. ബന്ധം സ്വാഭാവികമായും ജൈവികമായും വികസിക്കാൻ അനുവദിക്കുക.