
ടെൽ അവീവ്: ജനങ്ങളെ സംരക്ഷിണമെന്ന് അമേരിക്കയും ഐക്യരാഷ്ട്രസഭയും ആവർത്തിച്ച് ആവശ്യപ്പെടുന്നതിനിടെയും തെക്കൻ ഗാസയിൽ ബോംബാക്രമണം ശക്തമാക്കി ഇസ്രയേൽ. ആക്രമണത്തിൽ ഇന്നലെയും നിരവധി പേർ കൊല്ലപ്പെട്ടു. നൂറുക്കണക്കിന് ആളുകൾക്ക് പരിക്കേറ്റു. ഖാൻ യൂനിസ് റഫ നഗരങ്ങളിൽ ബോംബാക്രമണം ശക്തമാക്കി. ഇന്നലെ രാവിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ 43 പേരുടെ മൃതദേഹങ്ങൾ എത്തിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഗാസയിൽ മരണസംഖ്യ 16,000 അടുത്തു. 1200 പേരാണ് ഇസ്രയേലിൽ കൊല്ലപ്പെട്ടത്. ഗാസയിൽ സുരക്ഷിതമായ പ്രദേശങ്ങളില്ലെന്ന് യു.എൻ പ്രതികരിച്ചു. വടക്കൻ ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പുകളും വളയുകയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഹമാസ് പിടിച്ചെടുത്ത സൈനിക പോസ്റ്റുകളുടെ നിയന്ത്രണം ഇസ്രയേൽ സൈന്യം ഇന്നലെ പിടിച്ചെടുത്തു. ഹമാസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററും പിടിച്ചെടുത്തു. കൂടുതൽ ഇസ്രയേലി ടാങ്കുകളും കവചിത വാഹനങ്ങളും ഖാൻ യൂനിസ് നഗരത്തെ സമീപിക്കുകയാണ്. ആക്രമണത്തിൽ ഗാസയിൽ അഞ്ചു സൈനികർ കൂടി കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 80 ആയി. ഓരോ മണിക്കൂറിലും ഗാസയിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയാണെന്ന് അധിനിവേശ പാലസ്തീൻ പ്രദേശത്തെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി റിച്ചാർഡ് പീപ്പർകോൺ മാദ്ധ്യമങ്ങളോട് പറഞ്ഞു. ദേർ അൽ- ബാലയുടെ തെക്ക് ഭാഗത്ത് ഇസ്രയേൽ ആക്രമണത്തിൽ പാലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ഒരു പാരാമെഡിക്കിന് പരിക്കേൽക്കുകയും ആംബുലൻസുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇസ്രയേലിനെതിരെ ശക്തമായ പ്രതികരണവുമായി ഖത്തർ രംഗത്തെത്തി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് ഇസ്രയേലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ഇസ്രയേൽ ആക്രമണത്തെ വംശഹത്യ എന്നാണ് അദ്ദേഹം വിമർശിച്ചത്.