krishi

ചെന്നൈ: 100 കിലോമീറ്റർ വേഗതയിൽ ആന്ധ്രാ തീരം തൊട്ട മിഷോംഗ് ചുഴലിക്കാറ്റ് നശം വിതച്ച് നീങ്ങുന്നു. വ്യാപകമായ കൃഷി നാശം റിപ്പോർട്ട് ചെയ്തു. പല പ്രദേശത്തും വൈദ്യുതി ബന്ധം നിലച്ചു. കനത്ത മഴയിൽ ഏലൂരിലെ ആശുപത്രിയിൽ വെള്ളം കയറി.

എട്ട് ജില്ലകളിൽ റെഡ് അലർട്ടാണ്. 10000 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിശാഖപട്ടണം, തിരുപ്പതി,​ രാജമുൺട്രി വിമാനത്താവളങ്ങളുടെ പ്രവർത്തനം നിറുത്തിവച്ചു. നിരവധി വിമാന സർവീസുകൾ റദ്ദാക്കി.

നെല്ലൂരിനും മച്ച്‌ലിപട്ടണത്തിനും ഇടയിലുള്ള തീരത്താണ് ചുഴലി കരതൊട്ടത്. 110 കിലോമീറ്റർ വേഗത പ്രാപിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി അടിയന്തര യോഗം വിളിച്ചു. ചുഴലിക്കാറ്റിന്റെ ആഘാതവും നിലവിലെ സ്ഥിതിയും ദുരിതാശ്വാസ നടപടികളും യോഗം വിലയിരുത്തി. ദുരിതാശ്വാസത്തിനായി എല്ലാ വകുപ്പുകളും ഉദ്യോഗസ്ഥരും ഉണർന്നു പ്രവർത്തിക്കണമെന്ന് ജഗൻമോഹൻ റെഡ്‌ഡി നിർദ്ദേശിച്ചു. 200ലധികം ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി.

തമിഴ്നാട്ടിൽ

മരണം 12

അതേസമയം,​ ചെന്നൈയിൽ മഴയ്ക്ക് ശമനമായി. ശക്തമായ കാറ്റുണ്ട്. മെട്രോ സർവീസുകൾ ആരംഭിച്ചു. ചെന്നൈ വിമാനത്താവളം തുറന്നു. 80 ശതമാനത്തിലധികം സ്ഥലത്തും വൈദ്യുതി പുനഃസ്ഥാപിച്ചു. വൈദ്യുതാഘാതത്തിലും മരം വീണും മരിച്ചവരുടെ എണ്ണം 12 ആയി. നഗരങ്ങളിലെ വെള്ളക്കെട്ട് തുടരുകയാണ്. വെള്ളക്കെട്ടിനെത്തുടർന്ന് 17 സബ്‌വേകൾ അടച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസാമി,​ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്രാലിൻ എന്നിവരുമായി സ്ഥിതിഗതികൾ വിലയിരുത്തി. ദക്ഷിണേന്ത്യയിൽ വിവിധ ഭാഗങ്ങളിലായ 29 എൻ.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

സമീപ കാലത്തെ ഏറ്റവും ശക്തമായ മഴയാണ് ചെന്നൈയിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് പുറത്തിറങ്ങാനാവാതെ കുടുങ്ങിയത്. വാഹനങ്ങൾ ഒലിച്ചുപോയി.

10 ലക്ഷം നൽകി സൂര്യയും കാർത്തിയും

വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി നടന്മാരായ സൂര്യയും കാർത്തിയും. ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും പത്തുലക്ഷം രൂപ വീതം സംഭാവന നൽകി. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ സഹായം ലഭിക്കുക. ഫാൻസ് അസോസിയേഷനുകളുമായി സഹകരിച്ച് സഹായങ്ങൾ എത്തിക്കും.