u-k

ലണ്ടൻ: കുടിയേറ്റം കുറയ്ക്കാൻ നിയന്ത്രണങ്ങളുമായി യു.കെ. വിദേശത്തുനിന്ന് തൊഴിൽ തേടി യു.കെയിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതായും നിയന്ത്രണത്തിന്റെ ഭാഗമായി വിസാ നിയമങ്ങൾ കൂടുതൽ കർശനമാക്കുകയാണെന്നും യു.കെ പ്രധാനമന്ത്രി ഋഷി സുനക് എക്സിൽ കുറിച്ചു. നിയന്ത്രണങ്ങൾ കുടിയേറ്റതോത് കുറയ്ക്കുമെന്നും അത് രാജ്യത്തിന് ഗുണംചെയ്യുമെന്നും സുനക് കൂട്ടിച്ചേർത്തു. യു.കെയിലേക്കുള്ള നെറ്റ് മൈഗ്രേഷൻ 7,45,000 എന്ന റെക്കാർഡ് സംഖ്യയായി ഉയർന്നതിന്റെ ഔദ്യോഗിക കണക്കുകൾ കാണിച്ചതിന് പിന്നാലെയാണിത്.

പുതിയ നിയമപ്രകാരം, ഗവേഷണാധിഷ്ഠിതമായ ബിരുദാനന്തര കോഴ്സ് പഠിക്കുന്നവരൊഴികെയുള്ള വിദ്യാർത്ഥികൾക്ക് ആശ്രിതവിസയിൽ കുടുംബാംഗങ്ങളെ യു.കെയിലേക്ക് കൊണ്ടുവരാൻ അനുമതി നൽകില്ല. സ്‌കിൽഡ് വിസ ലഭിക്കാനുള്ള ശമ്പളപരിധി 26,200 പൗണ്ടിൽ നിന്ന് 38,700 പൗണ്ടായി ഉയർത്തി. ഫാമിലി വിസയ്ക്ക് അപേക്ഷിക്കാനുള്ള ശമ്പളപരിധിയും വർദ്ധിപ്പിച്ചു.

യു.കെയിലേക്ക് കുടിയേറുന്നവരിൽ മൂന്നുലക്ഷത്തോളം പേരുടെയെങ്കിലും കുറവ് ഉണ്ടാകുമെന്നാണ് നിഗമനം. 2024 പകുതിയോടെ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നേക്കും.