cricket

കറാച്ചി: പാകിസ്ഥാൻ ദേശീയ ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിനിടെ പരിക്കേറ്റ സ്പിന്നർ ഷദാബ് ഖാനെ തോളിലേറ്റി ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോകുന്ന സഹതാരത്തിന്റെ വീഡിയോ വൈറലായി. കറാച്ചിയിലെ യുണൈറ്റഡ് ബാങ്ക് ലിമിറ്റഡ് സ്പോർട്സ് കോംപ്ലക്സിൽ റാവൽപിണ്ടിയും സിയാൽകോട്ടും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ഫീൽഡിംഗിനിടെ പന്തിന് മുകളിൽ ചവിട്ടി വീണാണ് ഷദാബിന് പരിക്കേറ്റത്. ഇടത് കണങ്കാലിന് പരിക്കേറ്റ താരത്തിന് ഫിസിയോ എത്തി ഐസ്പാക്ക് വെച്ചു. എന്നാൽ ഗ്രൗണ്ടില്‍ സ്ട്രച്ചറില്ലാതിരുന്നതിനാൽ നടക്കാൻ കഴിയാത്തതാരത്തെ പിൻതോളിൽ എടുത്ത് സഹതാരം ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുവരികയായിരുന്നു.

കഴിഞ്ഞ ദിവസം ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലെത്തിയ പാകിസ്ഥാൻ ടീമംഗങ്ങൾ ലഗേജും ബാഗുകളും സ്വയം ചുമന്ന് വാഹനത്തിൽ കയറ്റുന്ന വീഡിയോയും വൈറലായിരുന്നു. പാക് പേസ് ബൗളർ ഷഹീൻ അഫ്രീദി ഉൾപ്പെടെയുള്ള താരങ്ങൾ ലഗേജുകൾ ട്രക്കിലേക്ക് കയറ്റുന്ന വീഡിയോയാണ് പ്രചരിച്ചത്.