
ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസിന് അഭിമാനകരമായ വിജയം നേടിക്കൊടുത്ത പിസിസി അദ്ധ്യക്ഷൻ രേവന്ത് റെഡ്‌ഡിയെ അടുത്ത മുഖ്യമന്ത്രിയായി തീരുമാനിച്ചു. എഐസിസി തീരുമാനം സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് പ്രഖ്യാപിച്ചത്. ചന്ദ്രശേഖർ റാവുവിന്റെ ബി ആർ എസിനെ പരാജയപ്പെടുത്തിയാണ് കോൺഗ്രസ് അധികാരം നേടിയത്. 119 അംഗ നിയമസഭയിൽ 64 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. വ്യാഴാഴ്‌ച രേവന്ത് റെഡ്‌ഡി മുഖ്യമന്ത്രിയായി അധികാരമേൽക്കും.
ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തെതുടർന്ന് പി.സി.സി അദ്ധ്യക്ഷനായിരുന്ന ഉത്തംകുമാർ റെഡ്ഡി രാജിവച്ചതിനെ തുടർന്ന് 2021ലാണ് പാർട്ടിയുടെ കടിഞ്ഞാൺ രേവന്ത് റെഡ്ഡിയുടെ കൈയിലെത്തുന്നത്. അപ്പോൾ അദ്ദേഹം മൽകജ്ഗിരി എം.പിയായിരുന്നു. അന്നുമുതൽ കെ.സി.ആറിനോട് നേർക്കുനേർ പോരാടിയാണ് തെലങ്കാനയിലെ ജനങ്ങളെ പാർട്ടിക്കൊപ്പം കൂട്ടിയത്. ഭരണകക്ഷിയായ ബി.ആർ.എസിന്റെ മുഖ്യ എതിരാളിയായി ബി.ജെ.പി മാറിയ നിലയിൽ നിന്നും കോൺഗ്രസിനെ മുന്നിലെക്കെത്തിക്കാൻ 54കാരനായ അദ്ദേഹത്തിന് അക്ഷീണം പ്രവർത്തിക്കേണ്ടിവന്നു.
ഇന്നലെ വോട്ടെണ്ണലിൽ കോൺഗ്രസ് മുന്നേറ്റം പ്രകടമായതോടെ രേവന്ത് റെഡ്ഡിയുടെ വീടിനു മുന്നിലും തെലങ്കാനയിലെ കോൺഗ്രസ് ആസ്ഥാനത്തും പ്രവർത്തകർ ആഘോഷമാരംഭിച്ചിരുന്നു. ഇതിനുപിന്നാലെ വാഹനത്തിൽ റോഡ് ഷോ നടത്തിയാണ് പ്രവർത്തകർക്കൊപ്പം രേവന്ത് വിജയം ആഘോഷിച്ചത്.
പഠനകാലത്ത് എ.ബി.വി.പി പ്രവർത്തകനായിരുന്നു രേവന്ത്. പിന്നീട് തെലുഗുദേശം പാർട്ടിയിലേക്ക് ചേക്കേറി. 2009, 2014 വർഷങ്ങളിൽ കൊടങ്കലിൽ നിന്നുള്ള ടി.ഡി.പി എം.എൽ.എയായി. 2017ലാണ് കോൺഗ്രസിലെത്തുന്നത്.