sanju-samson

ബംഗളൂരു: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണ്‍ ഫോമിലേക്ക്. ദേശീയ ടീമിലേക്കുള്ള തിരിച്ചുവിളി താരം ആഘോഷിച്ചത് വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ച്വറി അടിച്ചാണ്.

റെയില്‍വേസിനെതിരെ 139 പന്തുകള്‍ നേരിട്ട സഞ്ജു എട്ട് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 128 റണ്‍സ് നേടി.ക്യാപ്റ്റന്‍ മികച്ച പ്രകടനം നടത്തിയെങ്കിലും മത്സരത്തില്‍ കേരളം 18 റണ്‍സിന് തോറ്റു. ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് നേടിയപ്പോള്‍ കേരളത്തിന്റെ മറുപടി നിശ്ചിത ഓവറില്‍ 237-8 എന്ന സ്‌കോറില്‍ ഒതുങ്ങി.

തോറ്റെങ്കിലും ഏഴ് കളികളില്‍ നിന്ന് അഞ്ച് ജയം അക്കൗണ്ടിലുള്ള കേരളം ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടി. രാജ്‌കോട്ടില്‍ ഈ മാസം 9ന് നടക്കുന്ന മത്സരത്തില്‍ ശക്തരായ മഹാരാഷ്ട്രയാണ് കേരളത്തിന്റെ എതിരാളികള്‍. നേരത്തെ റെയില്‍വേസിനായി സഹാബ് യുവരാജ് സിംഗ് സെഞ്ച്വറി നേടിയിരുന്നു.

ഓസ്‌ട്രേലിയക്ക് എതിരായ ട്വന്റി-20 ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്നതോടെ സഞ്ജു ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഏകദിന ടീമിലേക്ക് താരത്തിന് വിളിയെത്തുകയും ചെയ്തു. സെലക്ടര്‍മാരുടെ തീരുമാനം തെറ്റിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നത്തെ പ്രകടനം.

ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിലാണ് സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തത്. സഞ്ജുവിന് പുറമേ കേരള നിരയില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് ഗോപാല്‍ മാത്രമാണ് തിളങ്ങിയത്. രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി തുടങ്ങിയ മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തി.