pregnant

സോൾ: രാജ്യത്തെ ജനനനിരക്കിലെ വൻ ഇടിവ് തടയാൻ സ്ത്രീകളോട് കൂടുതൽ പ്രസവിക്കാൻ ആവശ്യപ്പെട്ട് ഉത്തര കൊറിയയുടെ പരമാധികാരി കിം ജോംഗ് ഉൻ. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നാഷണൽ മദേഴ്സ് മീറ്റിംഗിലായിരുന്നു കിം ഇക്കാര്യം ആവശ്യപ്പെട്ടത്.

"ജനനനിരക്ക് കുറയുന്നത് തടയുക, നല്ല ശിശു സംരക്ഷണവും വിദ്യാഭ്യാസവും നൽകുക എന്നിവയെല്ലാം നമ്മുടെ കുടുംബകാര്യങ്ങളാണ്, അത് നമ്മുടെ അമ്മമാരുമായി ചേർന്ന് പരിഹരിക്കണം"- കിം പറഞ്ഞു. പുരുഷന്മാർ എല്ലാ അർത്ഥത്തിലും സഹായിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തരകൊറിയയുടെ ജനസംഖ്യയെക്കുറിച്ചുള്ള വ്യക്തമായ കണക്കുകൾ ലഭ്യമല്ലെങ്കിലും കഴിഞ്ഞ 10 വർഷമായി രാജ്യത്തെ ജനനനിരക്ക് ക്രമാനുഗതമായി താഴുന്നതായാണ് ദക്ഷിണ കൊറിയയുടെ ഗവൺമെന്റ് സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി പറയുന്നത്. 2014-ലെ 1.20 ആയിരുന്നു എങ്കിൽ കഴിഞ്ഞ വർഷം അത് 0.78 ആയി കുറഞ്ഞെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

രാജ്യത്തിന്റെ പോക്ക് അപകടകരമായ രീതിയിലാണെന്ന് വ്യക്തമായോടെ ഇതിന് തടയിടാനുള്ള നടപടികൾ അധികൃതർ നേരത്തേ തുടങ്ങിയിരുന്നു. മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങൾക്ക് മുൻ‌ഗണനാ സൗജന്യ ഭവന ക്രമീകരണങ്ങൾ, സബ്‌സിഡികൾ, കുട്ടികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തുടങ്ങിയവ നൽകുന്നത് ത്വരിതപ്പെടുത്തിയിരുന്നു. എന്നിട്ടും ഇക്കാര്യത്തിൽ വിചാരിച്ചതുപോലുള്ള പുരോഗതി ഇല്ലെന്ന് കണ്ടതോടെയാണ് കിം നേരിട്ടിറങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.

1970-80 കളിൽ ഉത്തര കൊറിയ യുദ്ധാനന്തര ജനസംഖ്യാ വളർച്ച മന്ദഗതിയിലാക്കാൻ ജനന നിയന്ത്രണ പദ്ധതികൾ നടപ്പാക്കിയിരുന്നു.1990കളുടെ പകുതിയോടെ ഉണ്ടായ പട്ടിണിയെത്തുടർന്നാണ് രാജ്യത്തിന്റെ ജനന നിരക്ക് വൻതോതിൽ ഇടിഞ്ഞത്. ഇപ്പോഴും ലോകത്തിലെ ദരിദ്ര രാജ്യങ്ങളുടെ പട്ടികയിൽ തന്നെയാണ് ഉത്തരകൊറിയയും. സ്കൂളിൽ ഇരുന്ന് പഠിക്കണമെങ്കിൽ മേശകൾക്കും കസേരകൾക്കുമുള്ള പണം വിദ്യാർത്ഥികൾ നൽകേണ്ട അവസ്ഥയാണ് രാജ്യത്ത് . സ്കൂൾ ഫീസിന് പുറമെയാണ് ഈ തുക നൽകേണ്ടത്. കുട്ടികളെ ജനിപ്പിക്കുന്നതിൽ നിന്ന് ജനങ്ങൾ പിന്നോട്ട് പോകാൻ ഇതൊക്കെ കാരണങ്ങളായി എന്നാണ് കരുതുന്നത്.

രാജ്യത്തെ സ്ത്രീകൾ എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണമെന്ന് അടുത്തിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ആവശ്യപ്പെട്ടിരുന്നു. വലിയ കുടുംബം ഉണ്ടാക്കുക എന്നതാകണം ലക്ഷ്യമെന്നും മോസ്‌കോയിൽ വേൾഡ് പീപ്പിൾസ് കൗൺസിലിനെ അഭിസംബോധന ചെയ്തുകൊണ്ട് പുടിൻ വ്യക്തമാക്കി. റഷ്യയിലെ ജനസംഖ്യ വർദ്ധിപ്പിക്കുക എന്നതാണ് വരും വർഷങ്ങളിൽ തങ്ങളുടെ ലക്ഷ്യമെന്നും പുടിൻ പറഞ്ഞു.

"നമ്മുടെ പല മുത്തശ്ശിമാർക്കും എട്ടോ അതിലധികമോ കുട്ടികളുണ്ടായിരുന്നു. ഈ കാര്യം നിങ്ങൾ മറന്നുപോകരുത്. ഈ മഹത്തായ പാരമ്പര്യം നമുക്ക് തിരികെ കൊണ്ടുവരികയും സംരക്ഷിക്കുകയും ചെയ്യാം. വലിയ കുടുംബം എന്നത് റഷ്യയിലെ എല്ലാവരുടെയും ജീവിതരീതിയായി മാറണം. കുടുംബം എന്നത് സമൂഹത്തിന്റെ അടിസ്ഥാനം മാത്രമല്ല, അത് ആത്മീയ പ്രതിഭാസവും ധാർമ്മികതയുടെ ഉറവിടവുമാണ്."- പുടിൻ പറഞ്ഞു.