
മുംബയ്: പതിനേഴുകാരിയായ മലയാളി പെൺകുട്ടിയെ അമ്മയുടെ സുഹൃത്തുക്കളായ രണ്ട് സ്ത്രീകളും ഒരു യുവാവും മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. മുംബയ് കുർളയിൽ നഴ്സായ മാവേലിക്കര സ്വദേശിനിയാണ് മകളെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്.രണ്ട് വർഷം മുൻപായിരുന്നു സംഭവം.
മാനസികനില തെറ്റിയ പെൺകുട്ടിക്ക് ഏറെ നാളുകളായി കൗൺസിലിംഗ് നൽകിവരികയായിരുന്നു. കൗൺസിലിംഗിന് ഇടയിലാണ് പെൺകുട്ടി വിവരം പുറത്ത് പറഞ്ഞത്. തുടർന്നാണ് പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയത്. അഞ്ച് വർഷങ്ങൾക്ക് മുൻപാണ് പെൺകുട്ടിയുടെ അച്ഛൻ മരിച്ചത്. തുടർന്ന് അമ്മയും മകളും കുർളയിലെ ഒരു ഫ്ളാറ്റിലായിരുന്നു താമസം. അതിനിടെ 2019ൽ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ ഒരു സ്ത്രീ ഫ്ലാറ്റിൽ താമസത്തിന് എത്തിയിരുന്നു.
ഈ സ്ത്രീയും അവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയും അമ്മ ഡ്യൂട്ടിക്ക് പോയ സമയങ്ങളിൽ പെൺകുട്ടിക്ക് മദ്യം നൽകിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. ഒരുതവണ സ്ത്രീകളിൽ ഒരാളുടെ പുരുഷ സുഹൃത്തും വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് പ്രതികൾ പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പകർത്തിയിരുന്നു. ഇതിനെക്കുറിച്ച് പുറത്തുപറഞ്ഞാൽ അമ്മയെ കൊല്ലുമെന്ന് പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവത്തിന് ശേഷം പെൺകുട്ടി കടുത്ത മാനസിക വിഷാദത്തിലായിരുന്നു. അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിയെ ആദ്യം നവിമുംബയിലും തുടർന്ന് നാട്ടിലെത്തിച്ചും നിരന്തരമായ കൗൺസിലിംഗ് നടത്തിയിരുന്നു. സംഭവം പെൺകുട്ടി പറഞ്ഞതോടെ കൗൺസിലിംഗ് നടത്തിയ സ്ഥാപനം കേരള പൊലീസിലും ചെൽഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു. സംഭവം നടന്നത് മുംബയിലായതിനാൽ കേരള പൊലീസ് കേസ് കുർള പൊലീസിന് കൈമാറുകയായിരുന്നു. പരാതിയിൽ ഉടൻ കേസ് എടുക്കുമെന്ന് മുംബയ് പൊലീസ് അറിയിച്ചു.