baryl-vanneihsangi

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് മിസോറാമിലെ നിയമസഭാതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ച് നാല് വർഷത്തിനുള്ളിൽ ആകെയുള്ള 40ൽ 27 സീറ്റും സ്വന്തമാക്കി വിജയകുതിപ്പ് നടത്തിയത് സൊറാം പീപ്പിൾസ് മൂവ്‌മെന്റ് പാർട്ടിയാണ് അധികാരത്തിൽ കയറിയത്.

ഫലം പുറത്തുവന്നതിന് പിന്നാലെ മറ്റൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചർച്ചയാകുന്നത്. സംസ്ഥാനത്തെ ഏ​റ്റവും പ്രായം കുറഞ്ഞ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഒരു സ്ത്രീയാണ് ചർച്ചയിലെ താരം. ബാരിൽ വന്നേഹ് സംഗി എന്ന 32കാരിയാണ് ഈ നേട്ടം കൈവരിച്ചത്.

സൊറാം പീപ്പിൾസ് മുവ്‌മെന്റ് പാർട്ടി അംഗമായ ബാരിൽ വന്നേഹ് സംഗി ഐസ്വാൾ സൗത്തിലെ മൂന്നാം മണ്ഡലത്തിൽ നിന്നും 1414 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്. ഇത് സംസ്ഥാനത്തെ നിലവിലെ മുഖ്യപാർട്ടിയായ മിസോ നാഷണൽ ഫ്രണ്ടിന് കടുത്ത വെല്ലുവിളിയായിരുന്നു.

174 സ്ഥാനാർത്ഥികളിൽ വെറും 16 വനിതകളാണ് മിസോറാമിലെ ഇലക്ഷനിൽ മത്സരിച്ചത്. രണ്ട്നി വനിതകൾ രണ്ട് മണ്‌ലങ്ങളിൽ നിന്നും മത്സരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 18 സീ​റ്റുകളാണ് വനിതകൾക്കായി ഉളളത്. സോഷ്യൽമീഡിയയിൽ സജീവമായ ബാരിൽ പാർട്ടിയിൽ നിന്നും മത്സരിച്ച മൂന്ന് സ്ത്രീകളിൽ ഒരാളാണ്. യുവതിക്ക് ഇൻസ്​റ്റഗ്രാമിൽ മൂന്ന് ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ട്. റേഡിയോ ജോക്കിയായ ബാരിലിന്റെ ഫലം പുറത്തുവന്നതോടെ നിരവധി ആളുകളാണ് അഭിനന്ദനവുമായി രംഗത്തെത്തിയത്.ഷിലോംഗിലെ നോർത്ത് ഈസ്‌​റ്റേൺ ഹിൽ സർവകലാശാലയിൽ നിന്നാണ് ബാരിൽ ബിരുദാനന്ത ബിരുദം സ്വന്തമാക്കിയത്.


ആഗ്രഹിച്ച കാര്യങ്ങൾ ഒരിക്കലും സ്ത്രീകളായതിന്റെ പേരിൽ ചെയ്യാതിരിക്കരുതെന്ന് ബാരിൽ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. 'നമുക്ക് അഭിനിവേശമുളള മേഖലയിൽ മുന്നിലെത്താൻ ശ്രമിക്കണം. നിങ്ങൾ ഏത് സമുദായത്തിലോ സമൂഹത്തിലോ ഉളളവരായാലും സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണം'- ബാരിൽ പറഞ്ഞു.