jel

കേശസംരക്ഷണത്തിനും ചർമ്മസംരക്ഷണത്തിനും കടകളിൽ നിന്നും ഉയർന്ന വിലയ്ക്ക് സാധനങ്ങൾ വാങ്ങുന്നവരാണോ നിങ്ങൾ. സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും പലതരത്തിലുളള അഭിപ്രായങ്ങൾക്കനുസരിച്ച് സൗന്ദര്യവർദ്ധക വസ്തുക്കൾ ഒട്ടുമിക്കവരും വാങ്ങാറുണ്ട്. പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിൽ നിരാശയോടൊപ്പം ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും.

സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന എല്ലാ രാസവസ്തുക്കളും നമ്മുടെ ചർമ്മത്തിനും മുടിക്കും അനുയോജ്യമായിരിക്കില്ല. അതിനാൽ തന്നെ വിവിധ തരത്തിലുളള പാ‌ർശ്വഫലങ്ങളും ഉണ്ടാകാൻ സാദ്ധ്യതയേറെയാണ്.ചർമ്മസംരക്ഷണത്തിനും കേശസംരക്ഷണത്തിനും ഒരു പ്രതിവിധി ലഭിക്കുകയാണെങ്കിൽ അതല്ലേ നല്ലത്. പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ ചെറുപ്പം നിലനിർത്താൻ സഹായിക്കുന്ന ഒരു സ്കിൻ -ഹെയർ ജെല്ല് തയ്യാറാക്കുന്ന വിധം ചരിചയപ്പെട്ടാലോ.

എല്ലാവർക്കും സുപരിചിതമായവയാണ് ചെമ്പരത്തി പൂവും കറ്റാർവാഴയും. ഇവയുപയോഗിച്ച് സിംപിളായി ജെല്ല് തയ്യാറാക്കാവുന്നതാണ്.ഏഴ് ദിവസത്തേക്കുളള ജെല്ല് തയ്യാറാക്കാനായി കുറഞ്ഞത് അഞ്ച് ചെമ്പരത്തി പൂവുകൾ ആവശ്യമാണ്. ഇവയുടെ ഇതളുകൾ എടുക്കുക. ശേഷം പാത്രത്തിലേക്ക് ഒരു കപ്പ് വെളളം എടുത്തിട്ട് നന്നായി ചൂടാക്കുക. അതിലേക്ക് ചെമ്പരത്തി പൂവിന്റെ ഇതളുകൾ ഇട്ടുകൊടുക്കുക. ഏകദേശം മൂന്ന് മിനിട്ടോളം ചൂടാക്കുക. ഇതിലൂടെ പിങ്ക് നിറത്തിലുളള ഒരു മിശ്രിതം ലഭിക്കും.

ഇനി രണ്ട് തണ്ട് കറ്റാർവാഴയുടെ ജെല്ലാണ് ആവശ്യം. കറ്റാർവാഴയുടെ തണ്ടിൽ നിന്നും ജെല്ല് ശേഖരിക്കുക. ജെല്ലിനെ മിക്സിയുപയോഗിച്ച് നന്നായി അരച്ചെടുക്കുക. വീണ്ടും ഒരു പാത്രത്തിലേക്ക് ചെമ്പരത്തി മിശ്രിതവും കറ്റാർവാഴയുടെ ജെല്ലും ചേർത്ത് ചൂടാക്കിയെടുക്കുക. അഞ്ച് മിനിട്ട് വരെ ഇത് ചൂടാക്കേണ്ടതാണ്. മിശ്രിതം തണുത്തതിന് ശേഷം അനുയോജ്യമായ പാത്രത്തിലേക്ക് മാറ്റുക. ആവശ്യാനുസരണം മുടിയിഴകളിലും ചർമ്മത്തിലും പുരട്ടുക.