
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. ഷഹ്ന ആത്മഹത്യ ചെയ്തത് സ്ത്രീധനം സംബന്ധിച്ച പ്രശ്നം മൂലമാണെന്ന് ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വീണ ജോർജ് ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയത്. ഷഹ്നയുടെ മരണം വേദനാജനകമാണെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി പ്രതികരിച്ചിരുന്നു. സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും സതീദേവി അറിയിച്ചു.
വിവാഹം മുടങ്ങിയതിനാലാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. പിജി പഠനകാലത്തിന്റെ തുടക്കത്തിൽ തന്നെ ഷഹ്നയുടെ വിവാഹം ഉറപ്പിച്ചിരുന്നുവെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കം മൂലമാണ് വിവാഹം മുടങ്ങിയതെന്നും ഷഹ്നയുടെ കുടുംബം പറഞ്ഞിരുന്നു.
വിവാഹത്തിനായി വീടിന്റെ പെയിന്റ് പണിയുൾപ്പെടെ നടത്തിയിരുന്നു. ഈ സമയത്താണ് ഭീമമായ തുക സ്ത്രീധനമായി ആവശ്യപ്പെട്ട് വരന്റെ ബന്ധുക്കളെത്തിയത്. എന്നാൽ ഇത് നൽകാൻ ഷഹ്നയുടെ കുടുംബത്തിന് കഴിയുമായിരുന്നില്ല. അതിനാൽ വിവാഹം മുടങ്ങി. ഇതിന്റെ മനോവിഷമത്തിലായിരുന്നു ഷഹ്ന. ഡിപ്രഷനുൾപ്പെടെ ഷഹ്ന അനുഭവിച്ചിരുന്നെന്നും സഹോദരൻ പറഞ്ഞു. ഷഹ്നയുടെ മരണത്തിൽ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണവുമായി മുന്നോട്ട് പോവുകയാണ് പൊലീസ്.
സർജറി വിഭാഗത്തിൽ രണ്ടാംവർഷ പിജി ഡോക്ടറായ വെഞ്ഞാറമൂട് മൈത്രീ നഗർ നാസ് മൻസിലിൽ പരേതനായ അബ്ദുൾ അസീസിന്റെയും ജമീലയുടെയും മകൾ ഇരുപത്തേഴുകാരി ഷഹ്നയെ കഴിഞ്ഞദിവസമാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിയ്ക്ക് കയറേണ്ടിരുന്ന ഷഹ്ന എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.