messi

ടൈം മാസികയുടെ അത്‌ലറ്റ് ഒഫ് ദ ഇയറായി ലയണൽ മെസി

ന്യൂയോർക്ക്: പ്രശസ്തമായ ടൈം മാസികയുടെ 2023-ലെ 'അത്‌ലറ്റ് ഓഫ് ദ ഇയറാ'യി അർജന്റീനിയൻ ഫുട്ബാൾ താരം ലയണൽ മെസിയെ തിരഞ്ഞെടുത്തു. മേജർ സോക്കർ ലീഗിലേക്കുള്ള കൂടുമാറ്റം വഴി അമേരിക്കൻ ഫുട്ബാളിൽ സൃഷ്ടിച്ച ചലനങ്ങളാണ് മെസിയെ ഈ നേട്ടത്തിന് അർഹനാക്കിയത്. മെസി എം.എൽ.എസ് ക്ലബ്ബ് ഇന്റർ മയാമിയിലേക്ക് കൂടുമാറിയതിന് പിന്നാലെയാണ് ക്ലബ്ബ് തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടമായ ലീഗ്‌സ് കപ്പ് നേടുന്നത്.

2022 നവംബർ -ഡിസംബർ മാസങ്ങളിലായി ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് മെസി. ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട മെസി ഫൈനലിലെ ഇരട്ട ഗോളുൾപ്പെടെ ഏഴ് ഗോളുകളടിച്ചു. 1986ൽ മറഡോണയ്ക്ക് ശേഷം അർജന്റീനയെ ലോകചാമ്പ്യന്മാരാക്കിയ നായകനുമായി. ക്ലബ്ബ് ഫുട്‌ബോളിലും മികച്ച പ്രകടനമാണ് 2022-23 സീസണിൽ താരം കാഴ്ചവെച്ചത്. ഫ്രഞ്ച് ക്ളബ് പി.എസ്.ജിക്കായി ലീഗിൽ 16 വീതം ഗോളുകളും അസിസ്റ്റും നേടി. പി.എസ്.ജി വിട്ട് ഇന്റർ മയാമിയിൽ ചേർന്ന മെസി ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടനേട്ടത്തിൽ പങ്കാളിയാവുകയും ചെയ്തു.

ലോകകപ്പ് വിജയത്തിന് പിന്നാലെ നിരവധി അവാർഡുകൾ മെസിയെ തേടിയെത്തിക്കഴിഞ്ഞു. ഈ വർഷത്തെ ലോറസ് അവാർഡും ഫിഫ ദ ബെസ്റ്റ് അവാർഡും നേടിയ മെസി ഒക്ടോബറിൽ കരിയറിലെ എട്ടാം ബാലൺ ഡിയോർ സ്വന്തമാക്കിയിരുന്നു.